ഒടുവിൽ ഭാസ്കരൻ മാഷി​െൻറ പ്രതിമക്ക് മാനവീയം വീഥിയിൽ 'ശാപമോക്ഷം'

*10 ലക്ഷത്തിന് പൂർത്തിയാക്കേണ്ട പ്രതിമക്ക് ചെലവായത് 22 ലക്ഷത്തിലേറെ തിരുവനന്തപുരം: ഒടുവിൽ മലയാളിയുടെ പ്രിയകവി പി. ഭാസ്കരൻ മാഷി​െൻറ പ്രതിമക്ക് സാംസ്കാരിക വകുപ്പി‍​െൻറ 'ശാപമോക്ഷം'. 2010ൽ നിർമാണം ആരംഭിച്ച പ്രതിമ ഈ മാസം എട്ടിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. 2010 ജൂലൈ 16ന് അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പി. ഭാസ്കര‍‍​െൻറ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. എൽ.എം.എസ് ജങ്ഷനിലെ ബാർ മെമ്മോറിയലിന് സമീപത്ത് സ്ഥലം കണ്ടെത്തി. ശിൽപിയെ കണ്ടെത്തലും നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടവും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കായിരുന്നു. 2010 ആഗസ്റ്റ് 21ന് ശിൽപി ജീവൻ തോമസുമായി അക്കാദമി കരാർ ഒപ്പിട്ടു. അഞ്ചുമാസത്തിനകം 10 ലക്ഷത്തിന് നിർമാണം പൂർത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. പ്രതിമയുടെ നിർമാണം കോഴിക്കോട് പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തു കൊണ്ടുവന്ന് സ്ഥാപിക്കാമെന്നും ജീവൻ തോമസ് ഉറപ്പുനൽകി. എന്നാൽ, കരാർ അവസാനിക്കുന്ന 2011 ജനുവരി 21നും പണി പൂർത്തിയായില്ല. പ്രതിമ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തിനെതിരെ സ്വകാര്യവ്യക്തി തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചു. കോടതി ഉത്തരവി‍​െൻറ അടിസ്ഥാനത്തിൽ 2011 ഫെബ്രുവരിയിൽ നിർമാണം നിർത്തിവെച്ചു. തുടർന്ന് കണ്ണമ്മൂലയിൽ പ്രതിമ സ്ഥാപിക്കാൻ പുതിയ സ്ഥലം കണ്ടെത്തി. എന്നാൽ, ഒമ്പതുലക്ഷം ചെലവായെന്നും ഇനിയും ഒമ്പതുലക്ഷം കൂടി അനുവദിച്ചാലേ പുതിയ സ്ഥലത്ത് പ്രതിമ നിർമാണം പൂർത്തിയാക്കാൻ കഴിയൂവെന്നും ജീവൻ തോമസ് അറിയിച്ചു. ഇതോടെ അന്നത്തെ യു.ഡി.എഫ് സർക്കാർ ആറുലക്ഷം കൂടി അനുവദിച്ചു. എന്നാൽ, മൂന്നുലക്ഷം കൂടി വേണമെന്ന് ജീവൻ തോമസ് നിലപാടെടുത്തതോടെ നിർമാണം മുടങ്ങി. 15 ലക്ഷം കൈപ്പറ്റിയിട്ടും പ്രതിമയുടെ നിർമാണം എങ്ങുമെത്താതായതോടെ 2014ൽ ശിൽപിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സർക്കാർ നിർദേശിച്ചു. അക്കാദമി ഭരണസമിതിയിലെ പ്രമുഖ സംവിധായകൻ ഇടപെട്ട് കേസ് ഒതുക്കി. തുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് നടപടികൾക്ക് വീണ്ടും ജീവൻ െവച്ചത്. പ്രതിമ കോഴിക്കോട് സ്ഥാപിക്കാൻ സംവിധായകൻ കമൽ ചെയർമാനായ അക്കാദമി ഭരണസമിതി തീരുമാനിക്കുകയും പണി പൂർത്തിയാക്കുന്നതിന് വീണ്ടും അഞ്ചുലക്ഷം കൂടി ജീവൻ തോമസിന് അനുവദിക്കുകയും ചെയ്തു. പക്ഷേ, പ്രതിമ സ്ഥാപിക്കാൻ കോഴിക്കോട് കോർപറേഷ​െൻറ പച്ചക്കൊടി കിട്ടിയില്ല. ഇതോടെ പണികൾ വീണ്ടും നിലച്ചു. തുടർന്ന് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെത്തിച്ച പ്രതിമ ആദ്യം ശംഖുംമുഖത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവിടെയും നിയമനടപടി കുരുക്കായി. തുടർന്നാണ് മാനവീയം വീഥിയിലേക്ക് മാറ്റിയത്. കോടതി നടപടികളും ചലച്ചിത്ര അക്കാദമിയുടെ അനാസ്ഥയും കാരണം 10 ലക്ഷത്തിന് പൂർത്തിയാക്കേണ്ട പ്രതിമക്ക് ഇതിനോടകം ഖജനാവിൽനിന്ന് ചെലവായത് 22 ലക്ഷത്തിലേറെ രൂപയാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.