കേരളത്തിലും അസഹിഷ്ണുത വിതയ്ക്കാൻ ശ്രമം -മന്ത്രി എ.സി. മൊയ്തീൻ *ആർട്ട് ഡീ ടൂർ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പുരോഗമനാശയങ്ങളുടെ വിളഭൂമിയും മഹത്തായ പാരമ്പര്യവുമുള്ള കേരളത്തിൽ പോലും അസഹിഷ്ണുതയുടെ വിഷവിത്തുകൾ കുഴിച്ചിടാനും വളർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ദേശീയ യൂത്ത് കോൺകോഡിെൻറ ഭാഗമായ ആർട്ട് ഡീ ടൂർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസ്സിൽ തോന്നുന്നത് സംസാരിച്ചാൽ അത് ദേശീയതക്ക് എതിരാണെന്ന പ്രചാരണം രാജ്യത്ത് വ്യാപകമാണ്. ഇന്ത്യയുടെ ദേശീയത എന്നത് എന്തെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് ചിലർ പറയുന്നത്. അവർക്കിഷ്ടമില്ലാത്തത് പറയുന്നവരെ ആക്രമണോത്സുകതയോടെ നേരിടുകയാണ് ചെയ്യുന്നത്. അത്തരം പരിശ്രമങ്ങൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകാൻ പാടില്ലെന്ന് മന്ത്രി ഒാർമിപ്പിച്ചു. ചലച്ചിത്രനടി റിമ കല്ലിംഗൽ മുഖ്യാതിഥിയായി. മേയർ അഡ്വ. വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കലാസംഘത്തിെൻറ ഉദ്ഘാടനം സംവിധായകൻ ലെനിൻ രാജേന്ദ്രൻ നിർവഹിച്ചു. ടി.ഒ. സൂരജ്, സഞ്ജയൻ കുമാർ, പി. ബിജു, ചിന്താ ജെറോം, ഗൗരീദാസൻനായർ, മഹേഷ് കക്കത്ത്, അഫ്സൽ കുഞ്ഞുമോൻ, സന്തോഷ് കാല, എസ്. സതീഷ്, യുവജനക്ഷേമ ബോർഡ് സെക്രട്ടറി ആർ.എസ്. കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.