കേരളത്തി​െൻറ ആരോഗ്യനേട്ടങ്ങൾ അത്ഭുതകരമെന്ന്​ ദക്ഷിണാഫ്രിക്കന്‍ സംഘം

തിരുവനന്തപുരം: പരിമിതമായ ചുറ്റുപാടിൽനിന്ന് കേരളം കൈവരിച്ച നേട്ടങ്ങൾ അത്ഭുതകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയതലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളം. എന്നാൽ, ഇന്ത്യയെക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്ക. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യരംഗം വളരെ പിന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. നോമഫ്രങ്ക് മോംബോയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ സന്ദർശനത്തിനാണ് ദക്ഷിണാഫ്രിക്കൻ സംഘം കേരളത്തിലെത്തിയത്. ദക്ഷിണാഫ്രിക്ക പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്.ഐ.വി ബാധിതരെക്കാള്‍ കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിതശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്‌നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യരംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്. കേരളത്തിൽ പ്രാഥമികാരോഗ്യരംഗത്തുതന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികതലത്തില്‍തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതും യോഗം ചര്‍ച്ച ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യവകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവരും ദക്ഷിണാഫ്രിക്കന്‍ സംഘത്തിലുണ്ട്. പാറശ്ശാല താലൂക്ക് ആശുപത്രി, പാറശ്ശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രം, ആയുര്‍വേദ കോളജ് എന്നിവയും സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, എസ്.എച്ച്.ആര്‍.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.