പട്ടയഭൂമിയിൽ കരിങ്കൽക്വാറിക്ക് അനുമതി നൽകാൻ നീക്കം

തിരുവനന്തപുരം: പട്ടയഭൂമിയിൽ കരിങ്കൽക്വാറിക്ക് അനുമതി നൽകാൻ സർക്കാർ നീക്കം. ഇതു സംബന്ധിച്ച് നടന്ന പ്രാഥമിക ചർച്ചയിൽ റവന്യൂ മന്ത്രി വിയോജിപ്പ് അറിയിെച്ചന്നാണ് വിവരം. എന്നാൽ, വ്യവസായ മന്ത്രിയടക്കമുള്ളവർക്ക് ഇക്കാര്യത്തിൽ അനുകൂല നിലപാടാണുള്ളത്. യോഗത്തിൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാണ് പൊതുവേയുണ്ടായ അഭിപ്രായം. ഇതിൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും ഇനി നിർണായകം. മുൻ സർക്കാറി​െൻറ കാലത്ത് രാഷ്ട്രീയ സ്വാധീനത്തിലൂടെ പട്ടയഭൂമിയിൽ പ്രവർത്തിച്ച പല ക്വാറികളും പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഇടപെടൽ മൂലം കോടതി ഉത്തരവിലൂടെ അടച്ചുപൂട്ടിയിരുന്നു. ഈ ക്വാറികൾ തുറന്നുകൊടുക്കണമെന്ന സമ്മർദം ശക്തമാണ്. ക്വാറികളിൽ ചിലത് '1960ലെ റബർ കൃഷിക്കു സർക്കാർ ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച പ്രത്യേക ചട്ടങ്ങൾ' അനുസരിച്ച് നൽകിയ ഭൂമിയാണ്. ചട്ടത്തിലെ വ്യവസ്ഥ പ്രകാരം വനംകുപ്പി​െൻറ അധീനതയിലുള്ളതും റബർ കൃഷിക്ക് വകമാറ്റിയതുമായ ഭൂമി പതിച്ചും ലൈസൻസായും വ്യക്തികൾക്കും കുടുംബങ്ങൾക്കും കമ്പനികൾക്കും നൽകിയിട്ടുണ്ട്. രണ്ട് ഘട്ടമായി 10 വർഷത്തേക്ക് വീതമാണ് നൽകിയത്. ആദ്യത്തെ 10 വർഷത്തേക്ക് പാട്ടത്തുക ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തിൽ റബർ കൃഷിക്ക് നൽകിയ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല. ലൈസൻസി നിർദേശിക്കുന്ന വ്യക്തിക്ക് ഭൂമിയിൽ കൃഷിയിറക്കാം. വ്യവസ്ഥകൾ ഏതെങ്കിലും ലംഘിച്ചാൽ സർക്കാറിന് തിരിച്ചെടുക്കാമെന്നായിരുന്നു വ്യവസ്ഥ. കോടതി ഉത്തരവിലൂടെ പൂട്ടിയ ക്വാറികൾ തുറക്കണമെന്ന് സമ്മർദം ശക്തമായിരിക്കുന്നത് കൊല്ലം ജില്ലയിൽനിന്നാണ്. ജില്ലയിൽനിന്നുള്ള മന്ത്രിയും ഭരണകക്ഷിയുടെ ഉന്നത നേതാവും ഇതിനൊപ്പമാണ്. നേതാവി​െൻറ സഹോദരനാണ് ജില്ലയിലെ പ്രധാന ക്വാറിയുടമ. ചില ക്വാറിയുടമകൾ പാറയുള്ള പട്ടയഭൂമികൾ നേരത്തേ വാങ്ങി ക്വാറി അനുമതിക്ക് കാത്തിരിക്കുകയാണ്. ചട്ടഭേദഗതിയെന്ന സർക്കാറി​െൻറ പുതിയ നീക്കം വിജയിച്ചാൽ പശ്ചിമഘട്ടത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച ക്വാറികളെല്ലാം പ്രവർത്തനം പുനരാരംഭിക്കും. 1968ലെ ഹൈറേഞ്ച് പാർപ്പിട പദ്ധതി ചട്ടങ്ങൾ, 1963ലെ കർഷകത്തൊഴിലാളികൾക്കുള്ള പാർപ്പിട പദ്ധതിക്കുള്ള ഭൂപതിവ് ചട്ടങ്ങൾ, 1961ലെ ഏലകൃഷിക്ക് സർക്കാർ ഭൂമി പാട്ടം നൽകൽ ചട്ടങ്ങൾ തുടങ്ങിയവ പ്രകാരം നൽകിയ ഭൂമിയിലും ക്വാറി ആരംഭിക്കാനാകും. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.