കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ ചുഴലിക്കാറ്റായി വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച ന്യൂനമർദം ലക്ഷ്യദ്വീപിനെ ലക്ഷ്യംെവച്ച് പടിഞ്ഞാറേക്ക് പോകുമെന്നായിരുന്നു പ്രവചനം. എന്നാൽ, ഇന്നലെ മുതൽ പടിഞ്ഞാറ്- - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. അതായത് നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണേന്ത്യയിൽ ഏറെനാശം വിതച്ച ഓഖി ചുഴലിക്കാറ്റി‍​െൻറ സമാനപാതയിലാണ് ന്യൂനമർദം നീങ്ങുന്നത്. അതുകൊണ്ടുതന്നെ തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രതാനിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കക്ക് പടിഞ്ഞാറും, ലക്ഷദീപിന് കിഴക്കും, കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള ഭാഗത്ത് ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നതി‍​െൻറ ഭാഗമായി കടലിനുള്ളില്‍ കാറ്റി​െൻറ വേഗം 60 കിലോമീറ്റര്‍ വരെയും തിരമാല സാധാരണയില്‍നിന്ന് 3.2 മീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്. അതേസമയം ന്യൂനമർദത്തി​െൻറ കൃത്യമായ പാത പ്രവചിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനും കഴിയാത്തത് സംസ്ഥാനത്തി‍​െൻറ ദുരന്തനിവാരണ തയാറെടുപ്പുകളെ സാരമായി ബാധിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ ന്യൂനമർദം ശക്തിപ്രാപിച്ചാൽ അത് ലക്ഷദ്വീപിനെയായിരിക്കും കൂടുതൽ ബാധിക്കുകയെന്നാണ് വിവരം. തെക്കൻ കേരളത്തിൽ ശക്തമായ മഴയും ലഭിക്കും. ഇത് മനസ്സിലാക്കി മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അടിയന്തരനടപടികൾ കലക്ടർമാർ സ്വീകരിച്ചുവരികയാണ്. ഫിഷറീസ്, റവന്യൂ, തീരദേശ പൊലീസ് സേനകളോട് ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പി​െൻറ മുന്നറിയിപ്പുള്ളതിനാൽ, തീരമേഖലയിലും മറ്റ് ഇടങ്ങളിലും ജാഗ്രത പുലർത്താനും ആവശ്യം വരുന്ന സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാനും ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശംനൽകി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും പൊലീസി​െൻറ ക്രമീകരണങ്ങളോട് എല്ലാവിധത്തിലും സഹകരിക്കണമെന്നും ഡി.ജി.പി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.