റഷ്യൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​; തിരുവനന്തപുരത്തും വാശിയേറിയ പോളിങ്

തിരുവനന്തപുരം: റഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പി​െൻറ ചൂട് തിരുവനന്തപുരത്തും. മാർച്ച് 18ന് റഷ്യയിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ ഏക പോളിങ് ബൂത്തായ റഷ്യൻ ഒാണററി കോൺസുലേറ്റിലാണ് വാശിയേറിയ പോളിങ് നടന്നത്. ഇവിടെനിന്ന് പോൾ ചെയ്തത് 26 വോട്ട്. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. 8102ാം നമ്പർ ബൂത്തായിരുന്നു തിരുവനന്തപുരത്തേത്. ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായ ദിമിത്രി അനന്യോവ്, യൂലിയ ഗെലൂബ്റ്റിന എന്നിവർക്കൊപ്പം തിരുവനന്തപുരത്തെ ഒാണററി കോൺസുലർ രതീഷ് സി. നായരും വോട്ടെടുപ്പ് നിയന്ത്രിച്ചു. ബാലറ്റുകളും മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികളും റഷ്യയിൽനിന്ന് ചെൈന്ന കോൺസുലേറ്റ് വഴിയാണ് എത്തിച്ചത്. റഷ്യൻ പാസ്പോർട്ട് ഉള്ളവർക്കായിരുന്നു വോട്ട് ചെയ്യാൻ അവകാശം. കോവളം, വർക്കല, കൊച്ചി എന്നിവിടങ്ങളിൽ താമസിക്കുന്ന റഷ്യൻ പൗരന്മാരാണ് വോട്ട് ചെയ്യാനെത്തിയവരിൽ ഏറെയും. മലയാളികളെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയവരും ജോലി ആവശ്യങ്ങൾക്കായി കേരളത്തിലെത്തിയവരും ഇതിലുൾപ്പെടും. സ്ഥിരതാമസക്കാരായ എഴുപതോളം റഷ്യക്കാർ കേരളത്തിലുണ്ടെന്നാണ് കണക്ക്. വോട്ടെടുപ്പിനുശേഷം ബാലറ്റ് പെട്ടികൾ സീൽചെയ്ത് തെരഞ്ഞെടുപ്പ് അധികൃതർ ഞായറാഴ്ച കൂടങ്കുളത്തേക്ക് തിരിക്കും. കൂടങ്കുളം ആണവനിലയത്തിൽ ഒട്ടേറെ റഷ്യൻ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്നതിനാൽ പോളിങ് ബൂത്ത് അനുവദിച്ചിട്ടുണ്ട്. അവിടെ ഞായറാഴ്ചയാണ് വോട്ടെടുപ്പ്. തുടർന്ന് റഷ്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 18ന് ചെന്നൈയിലും വോട്ടെടുപ്പ് നടക്കും. അതിനുശേഷം പോൾ ചെയ്ത ബാലറ്റുകൾ മോസ്കോയിൽ എത്തിക്കും. ഇത് മൂന്നാം തവണയാണ് റഷ്യയിലെ തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് ബൂത്ത് അനുവദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.