അമ്പലത്തറ: മുട്ടത്തറക്ക് സമീപം പരുത്തിക്കുഴിയില്‍ ആരംഭിച്ച ബിവറേജസ് കോര്‍പറേഷെൻറ മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആരംഭിച്ച സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. സമരക്കാരുടെ പന്തല്‍ പൊലീസ് പൊളിച്ചുമാറ്റിയതിനെ തുടര്‍ന്ന് സമരം എതിർവശത്തെ ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലേക്ക് മാറ്റി. സമരം ശനിയാഴ്ച 100 ാം ദിവസത്തിലെത്തുകയാണ്. ബുധനാഴ്ച അർധരാത്രിയിലാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത്. കോടതിവിധിയെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഒന്നരമാസത്തോളമായി അടച്ചിട്ടിരുന്ന മദ്യശാല വ്യാഴാഴ്ച തുറന്നു പ്രവർത്തിച്ചു. ഇതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരസമിതി അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മദ്യവിരുദ്ധ പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. അറസ്റ്റ് ചെയ്തവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. വിശ്വനാഥന്‍, നിസാര്‍ സലീം, പീറ്റര്‍ എന്നിവരാണ് വെള്ളിയാഴ്ച റിലേ നിരാഹാര സമരം നടത്തിയത്. ജീവന്മരണ പോരാട്ട പാതയിലാണ് തങ്ങളെന്നും മദ്യശാല അടച്ചുപൂട്ടുന്നതു വരെ സമര പാതയിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല -വി.എം. സുധീരന്‍ അമ്പലത്തറ: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നതുകാരണം മുഖ്യമന്ത്രിക്ക് െപാലീസ് സേനയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. മുട്ടത്തറ മദ്യക്കട പൂട്ടാനാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിെൻറ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിെൻറ വികൃതമായ മുഖമാണ് കഴിഞ്ഞ ദിവസം മുട്ടത്തറയില്‍ കണ്ടത്. സമാധാനപരമായി സമരം നടത്തുന്നവരുടെ പന്തല്‍ ഒരു പ്രകോപനവുമില്ലാതെ അര്‍ധരാത്രി പൊളിച്ചുമാറ്റിയത് പൊലീസിന് തന്നെ നാണക്കേടാണ്. മദ്യശാല നടത്തിപ്പുകാരായി പൊലീസ് അധഃപതിച്ചു. ഇനിയും പാഠം പഠിക്കാത്തവര്‍ സേനയിലുണ്ട്. പാര്‍ട്ടി പറയുന്നതുമാത്രം അനുസരിച്ച് ശീലിച്ച ഇവര്‍ക്ക് വരാപ്പുഴയിലെ പൊലീസിെൻറ അവസ്ഥ വരുമെന്നും വി.എം. സുധീരന്‍ പറഞ്ഞു. പാളയം ഇമാം മൗലവി വി.പി. സുഹൈബ്, വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.