ഡ്രൈവർമാരില്ല; മലയോര ഗ്രാമങ്ങളിലെ യാത്രക്കാർ വലയുന്നു

പുനലൂർ: ഡ്രൈവർമാരുടെ കുറവുമൂലം ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു. ബസുകൾ മുടങ്ങുന്നതുകാരണം മലയോര ഗ്രാമങ്ങളിലുള്ള യാത്രക്കാർ ദുരിതത്തിലാണ്. സംസ്ഥാന അതിർത്തിയിെല ഡിപ്പോയിൽ ഡ്രൈവർമാരുടെ ഒമ്പത് ഒഴിവുകളാണുള്ളത്. അടുത്തിടെയുണ്ടായ കൂട്ടസ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തി ഡ്രൈവർമാരെ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി നിയമിച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, മറ്റ് ഡിേപ്പാകളിൽനിന്ന് ഇവിടേക്ക് നിയമിച്ചവരിൽ ആറുപേർ എത്തിയിട്ടുമില്ല. നിലവിലുള്ള ഡ്രൈവർമാരിൽ പലരും മെഡിക്കൽ ലീവോ മറ്റോ എടുത്താൽ ദിവസം പത്തോളം ഡ്രൈവർമാരുടെ കുറവാണ് അനുഭവപ്പെടുന്നത്. ഇതുകാരണം മിക്ക സർവിസുകളും വെട്ടിക്കുറക്കേണ്ടിവരുകയാണ്. ചുരുക്കമായുള്ള ദീർഘദൂര സർവിസുകളും തോട്ടം-മലയോര ഗ്രാമങ്ങളിലേക്കുമുള്ള സർവിസുകളാണ് മുടങ്ങുന്നത്. മേഖലയിൽ സ്വകാര്യബസുകൾ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി മുടങ്ങുന്നതോടെ യാത്രക്കാർ സമാന്തര സർവിസിനെ ആശ്രയിക്കേണ്ടിവരും. അമ്പനാട്, ആനച്ചാടി, റോസ്മല, നാഗമല, ഫ്ലോറൻസ് തുടങ്ങിയ തോട്ടംമേഖലയിലുള്ള വിദ്യാർഥികളക്കം തൊട്ടടുത്തുള്ള ടൗണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്താൻ പ്രയാസപ്പെടുകയാണ്. യാത്രക്കൂലി ഇനത്തിൽ ദിവസവും വലിയ തുക മുടക്കേണ്ടിയുംവരും. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ അധികൃതർ ചീഫ് ഓഫിസിലും മറ്റും പലതവണ റിപ്പോർട്ടും ചെയ്തിട്ടും പരിഹാരമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.