പുനലൂർ: സൈനികന് വീട്ടുനമ്പർ ലഭിക്കുന്നതിന് കൗൺസിലർമാർ പിഴത്തുക അടച്ചത് പുലിവാലായി. തനിക്ക് വീട്ടുനമ്പർ ലഭിക്കാൻ പുനലൂർ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരുടെ ഔദാര്യം ആവശ്യമില്ലെന്ന് സൈനികൻ ഹരികൃഷ്ണൻ തുറന്നടിച്ചതാണ് വിനയായത്. ഒരു വിഭാഗം കൗൺസിലർമാരിൽനിന്ന് 20,000 രൂപ പിരിച്ച് തെൻറ വീടിനുവേണ്ടി പിഴയടച്ചത് അപമാനിക്കാനാണെന്നും സൈനികൻ നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആരോപിച്ചു. നിയമപ്രകാരം കെട്ടിടം ക്രമവത്കരിക്കാനാണ് പിഴ ചുമത്തിയത്. നഗരസഭയിലെ തുമ്പോട് വാർഡിലാണ് ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അംഗമായ ഹരികൃഷ്ണൻ വീട് നിർമിച്ചത്. ഒന്നര വർഷമായി വീട്ടുനമ്പറിനായി താനും മാതാവും നഗരസഭാ കാര്യാലയത്തിൽ കയറിയിറങ്ങുകയായിന്നു. എന്നാൽ, നീതി ലഭിച്ചില്ല. ഇപ്പോൾ പിഴ അടയ്ക്കാൻ തയാറായ കൗൺസിലർമാരും ജീവനക്കാരും തങ്ങളെ ആട്ടിപ്പായിച്ചു. തുടർന്ന് വകുപ്പുമന്ത്രി കെ.ടി. ജലീലിനെ കണ്ടു. ഉടൻ വീട്ടുനമ്പർ നൽകുമെന്ന് ഉറപ്പും ലഭിച്ചിരുന്നു. ജൂൺ ഒന്നുമുതൽ താനും മാതാവും നഗരസഭക്കു മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിനെത്തുടർന്ന് നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഇതിനിടെയാണ് വീടിനു നമ്പർ നൽകുന്നതിന് പിഴയായി നിശ്ചയിച്ച 20,000 രൂപ കൗൺസിലർമാർ അടച്ചതായി ചെയർമാൻ മാധ്യമങ്ങളെ അറിയിച്ചത്. തെൻറ അറിവില്ലാതെയാണിതെന്നും നഗരസഭ പിഴ സ്വീകരിക്കരുതെന്നും സൈനികൻ പറയുന്നു. പിഴ നിശ്ചയിച്ചതിലൂടെ തന്നെ കുറ്റക്കാരാക്കി. കൈക്കൂലിക്കാരായ ജീവനക്കാരെ സംരക്ഷിക്കാനാണ് അധികൃതരുടെ ശ്രമമെന്നും സൈനികൻ ആരോപിച്ചു. ചെയർമാെൻറ നടപടി സൈനികനെ അപമാനിക്കുന്നതാെണന്ന് പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യനും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.