തിരുവനന്തപുരം: സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലെയും വൃദ്ധ സദനങ്ങളിലെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലെയും അന്തേവാസികളായ നിരക്ഷരർക്ക് അക്ഷരവെളിച്ചം നൽകുന്ന അക്ഷരസാന്ത്വനം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. തിരുവനന്തപുരം ഊളൻപാറ മാനസികാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് അത് ഭേദമാകാനുള്ള പ്രായോഗിക പരിപാടിയായി പദ്ധതി മാറും. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിനും ആരോഗ്യവകുപ്പ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് അക്ഷരസാന്ത്വനം പദ്ധതി നടപ്പാക്കുന്നത്. ഊളൻപാറ മാനസികാരോഗ്യ കേന്ദ്രത്തിലെ 25 അന്തേവാസികൾക്കായാണ് ആദ്യഘട്ടത്തിൽ ക്ലാസ് നടത്തുന്നത്. പഠിതാക്കൾക്കുള്ള പഠനോപകരണ വിതരണവും മന്ത്രി നിർവഹിച്ചു. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. റ്റി. സാഗർ, സാക്ഷരത മിഷൻ ജില്ലാ കോഓഡിനേറ്റർ പി. പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.