'മിശിഹ'യുടെ നെഞ്ചിലേറ്റ ഗോദ്​സെയുടെ വെടി ഇവർ മറക്കില്ല

2014 ബ്രസീലിലെ മരക്കാനയിൽ ജർമൻതാരം മരിയ ഗോഡ്സെ 113ാം മിനിറ്റിൽ തൊടുത്ത വെടിയുണ്ട ഷോട്ട് ഇപ്പോഴും സഹോദരിമാരായ ഹന്ന സിൽവസ്റ്ററിനും സബിതക്കും മറക്കാനായിട്ടില്ല. അന്ന് ഗോദ്സെ തകർത്തതെറിഞ്ഞത് ഒരു രാജ്യത്തി‍​െൻറ കിരീട സ്വപ്നം മാത്രമായിരുന്നില്ല. കോടിക്കണക്കിന് വരുന്ന അർജൻറീന ആരാധകരുടെ ഹൃദയം കൂടിയായിരുന്നു. ഫൈനലിൽ ജർമൻപടക്കുമുന്നിൽ മെസിയെന്ന മിശിഹ തലകുനിച്ച് മടങ്ങിയ നിമിഷംമുതൽ ഇരുവരും മനസ്സിൽ കരുതിെവച്ച വർഷമാണ് 2018 ഒരു തിരിച്ചടിക്കായി. ഹനയെയും സബിതയെയും പോലെ മെസിയുടെയും അർജൻറീനയുടെയും കടുത്ത ആരാധികമാരാണ് ട്രിവാൻഡ്രം ഫുട്ബാൾ ക്ലബിലെ പെൺപുലികളായ നന്ദനയും സോഫിയയും. ഇത്തവണ കപ്പ് എടുത്തില്ലെങ്കിൽ ഇനിയില്ല എന്നതാണ് ഇവരുടെ പക്ഷം. അതുകൊണ്ടുതന്നെ ഇപ്പോൾ പള്ളിയിലും അമ്പലത്തിലും പോയാൽ പ്രാർഥിക്കാൻ ഒന്നേയുള്ളൂ, മെസിക്കും ഡി മരിയക്കും ഹിഗ്വനുമെല്ലാം ഗോളടിക്കാനുള്ള ആരോഗ്യം കൊടുക്കണേ. കപ്പടിച്ചാൽ പ്രത്യേക വഴിപാടും ഇവരിൽ ചിലർ നേർന്നിട്ടുണ്ട്. അതേസമയം മെസിയെന്ന ഒറ്റയാളെ കണ്ടുകൊണ്ടാണ് ത‍​െൻറ ശിഷ്യകൾക്ക് അർജൻറീനയോട് ഇത്ര ഭ്രാന്തെന്നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫുട്ബാൾ താരവും പരിശീലകയുമായ എസ്. ലളിത പറ‍യുന്നത്. ഒരാളെ മുൻ നിർത്തി ജയിക്കാൻ കഴിയുന്ന ഗെയിമല്ല ഫുട്ബാൾ. എന്നാൽ, ബ്രസിൽ അങ്ങനെയല്ല. ഒരുപിടി പ്രതിഭാധനരായ കളിക്കാർ അവർക്കുണ്ട്. പരിക്കിനു ശേഷം നെയ്മർ അടിച്ച ഗോൾ, അതൊരു ഒന്നൊന്നര ഗോളായിരുന്നു. അതുകൊണ്ട് ഇത്തവണ ബ്രസീൽ നിരാശരാക്കില്ല- ലളിത പറ‍യുന്നു. മുൻ കേരള ഫുട്ബാൾ താരങ്ങളായ കാവേരക്കും അഖിലക്കും ഇതേ അഭിപ്രായമാണ്. അർജൻറീനക്കെതിരെ ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് എസ്. ലളിത. 1981ല്‍ ചൈനീസ് തായ്പേയിയില്‍ നടന്ന വനിതാ ലോകകപ്പ് മത്സരത്തിലാണ് ഇന്ത്യക്കുവേണ്ടി ഈ മലയാളിതാരം ജഴ്സിയണിഞ്ഞത്. ടീമി​െൻറ റൈറ്റ് വിങ്ങായിരുന്ന ലളിത നല്‍കിയ പാസിലൂടെ ശാന്തിമല്ലിക് ഹെഡ്ചെയ്ത് അര്‍ജൻറീനയുടെ വല കുലുക്കിയെങ്കിലും കൂടുതല്‍ നേരം ഈ ആവേശം നിലനില്‍ക്കും മുമ്പേ അര്‍ജൻറീന തിരിച്ചടിച്ചു. പിന്നീട് ജയം അനിവാര്യമായി ഇരുടീമുകളും കളിച്ചെങ്കിലും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അതുകൊണ്ട് ബ്രസീൽ ഫൈനലിൽ എത്തിയാൽ എതിരാളികളായി അർജൻറീനയെ കിട്ടണമെന്നാണ് ഈ ലോകതാരത്തി​െൻറ ആഗ്രഹം. ഫോട്ടോ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ട്രിവാൻഡ്രം ഫുട്ബാൾ ക്ലബിലെ ശിഷ്യകളോടൊപ്പം പന്തുതട്ടുന്ന എസ്. ലളിത
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.