ലുഷ്നിക്കിയിലേക്ക് ഒരു ഹൃദയദൂരം

ഫുട്ബാൾ ദൈവത്തി​െൻറ കളിയാണ്. അതുകൊണ്ടാകാം കായികചരിത്രത്തിൽ കൈകൊണ്ട് രേഖപ്പെടുത്തിയ ഏക ഗോളിനെ 'ദൈവത്തി​െൻറ കൈ'കളായി ലോകം ഇന്നും വിശേഷിപ്പിക്കുന്നത്. 24 മണിക്കൂറും സൂര്യ​െൻറ ഗോൾ പോസ്റ്റ് ലക്ഷ്യമിട്ട് ഉരുണ്ട് കളിക്കുന്ന കാൽപന്താണ് ഭൂമി. ആ പന്തിൽ ദൈവം കോറിയിട്ട ചതുരകോളങ്ങളാണ് ലോകത്തെ ഓരോ ഫുട്ബാൾ സ്റ്റേഡിയവും. ത​െൻറ കളിക്ക് ആവേശം പകരാൻ ഗാലറികളിൽ അദ്ദേഹം ആരാധകരെ സൃഷ്ടിച്ചു. സർവത്ര കലുഷിതമായ ലോകത്തി​െൻറ മുറിവുണക്കാൻ പുൽമൈതാനത്ത് 21 താരകങ്ങളെക്കൂടി കൂടി അദ്ദേഹം നൽകി. അവർ പരസ്പരം കളിച്ചു, മത്സരിച്ചു. കളിത്തട്ടുകളെ പ്രകമ്പനം കൊള്ളിക്കാൻ ആരാധകർ സാമ്പതാളങ്ങൾ ചിട്ടപ്പെടുത്തി. കാൽപന്തുകളിയെ അതിരുകൾ ഭേദിക്കാൻ പഠിപ്പിച്ചത് ആരാധകരാണ്. ലോകകപ്പ് ഫുട്ബാളി​െൻറ കാലുകൾ മൈതാനത്താണെങ്കിൽ ഹൃദയം ഇടിക്കുന്നത് ഗാലറികളിലും ടെലിവിഷൻ സെറ്റുകൾക്കും മുന്നിലാണ്. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോകത്തിന് നാലുവർഷത്തിലൊരിക്കൽ കാണാൻ കഴിയുന്ന രക്തരഹിതമഹായുദ്ധമാണ് ലോകകപ്പ്. 21ാം ലോക ഫുട്ബാൾ മാമാങ്കത്തിന് റഷ്യയിലെ ലുഷ്നിക്കിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകരുടെ കണ്ണുകളിൽ മഴവില്ലിന് ഏഴല്ല, 32നിറങ്ങളാണ്. കാത്തിരിപ്പിനും കണക്കുകൂട്ടലുകൾക്കുമിടയിൽ 32 രാജ്യങ്ങൾ ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമിഷങ്ങൾ. 64 മത്സരങ്ങൾക്കും 736 താരങ്ങൾക്കുമിടയിൽ ലുഷ്നിക്കിയിലെ ആദ്യവിസിലിനൊപ്പം ഓടാൻ കേരളവും ബൂട്ടുകെട്ടി കഴിഞ്ഞു. ബ്രസീലി​െൻറ ബൂട്ടുകൾ മൈതാനത്ത് പതിയുമ്പോൾ തലസ്ഥാനത്തി​െൻറ ബിഗ് സ്ക്രീനിന് മുന്നിൽ ആയിരം കണിക്കൊന്നകൾ പൂക്കും. ലാറ്റിനമേരിക്കൻ വസന്തവുമായി അർജൻറീന പന്തുതട്ടുമ്പോൾ അനന്ത​െൻറ മണ്ണ് നീലത്താമരയിൽ മുങ്ങി നിവരും. സ്പെയിൻ കളിക്കുമ്പോൾ റോസാപ്പൂക്കൾ വിരിയും. കറുപ്പിലും ചുവപ്പിലും വെള്ളയിലും ജർമൻ പുഷ്പങ്ങൾ ആടിത്തിമിർക്കും. ഇങ്ങനെ ഭൂമിയുടെ പൂന്തോട്ടത്തിൽ പൂക്കൾ വിടരാൻ ഇനി മണിക്കൂറുകൾ മാത്രം. ഇടവപ്പാതിയുടെ തിമിർപ്പിലും കാല്‍പുതഞ്ഞു പോകുന്ന കടപ്പുറം മണ്ണിൽനിന്നും നഗരത്തിലേക്ക് കാൽപന്തുകളിയുടെ വശ്യതയും കാവ്യാത്മകയും സൗന്ദര്യവും ആവാഹിക്കാനുള്ള ശ്രമത്തിലാണ് അനന്തപുരി. ആനയും അമ്പാരിയും സിനിമയും ഫ്ലക്സുകളും ഒപ്പം കുറച്ചു ട്രോളുകളുമായി ഫുട്ബാൾ ആവേശം ഇവിടെയും അലയടിച്ചുയരുകയാണ്... അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.