തിരുവനന്തപുരം: തുള്ളിക്കൊരു കുടംപോലെ പെയ്തിറങ്ങുന്ന ഇടവപ്പാതിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ വീണും ശക്തമായ തിരമാലയിലും നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നപ്പോൾ നഗരത്തിൽ മാത്രം നൂറോളം സ്ഥലങ്ങളിലാണ് ചെറുതും വലുതുമായ മരങ്ങൾ വീണത്. മരങ്ങൾ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും മുകളിൽ വീണതോടെ ജില്ലയിലെ ഭൂരിഭാഗം ഇടങ്ങളും ഇരുട്ടിലായി. രാത്രി വൈകിയും ഇവ പൂർവസ്ഥിതിയിലാക്കുന്ന ഭഗീരഥ പ്രയത്നത്തിലാണ് കെ.എസ്.സി.ബി. മൊബൈൽ-ഇൻറർനെറ്റ് ബന്ധങ്ങളും ഭാഗികമായി തകരാറിലായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ വീശിയടിച്ച കാറ്റിലാണ് വ്യാപകനാശനഷ്ടം. കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. മരങ്ങൾ ഒന്നിന് പുറകെ ഒന്നായി കടപുഴകിയതോടെ മലയോര മേഖലകളിലടക്കം റോഡ് ഗതാഗതം താറുമാറായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് പലഭാഗങ്ങളിലും ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. മണ്ണന്തല കോട്ടമുകളിൽ മരം കാറിന് മുകളിൽ വീണു. മുക്കോലയ്ക്കൽ സെൻറ് തോമസ് സ്കൂളിന് സമീപം വീടിന് മുകളിൽ മരം വീണു. ഒരുവാതിൽകോട്ട പരസ്യബോർഡ് വീണ് മൂന്ന് കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. വെള്ളയമ്പലം രാജ്ഭവന് സമീപം മന്ത്രി. കെ.രാജുവിെൻറ ഔദ്യോഗികവസതിയിലെ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് ജീവനക്കാരെത്തി അരമണിക്കൂർ പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയെ തുടർന്ന് കഠിനംകുളത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പുതുക്കുറിച്ചി എൽ.പി.എസിൽ 10 കുടുംബങ്ങളിലായി 40 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.