വിഴിഞ്ഞം കമീഷൻ കാലാവധി ആറുമാസം കൂടി നീട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖകരാര്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായർ കമീഷൻ കാലാവധി ജൂലൈ മുതല്‍ ആറുമാസത്തേക്കുകൂടി നീട്ടി. പരിഗണനവിഷയം ഭേദഗതി ചെയ്യാനും തീരുമാനിച്ചു. കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലി​െൻറ കണ്ടെത്തല്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ കമീഷന് അവകാശമുണ്ടോ എന്ന് വ്യക്തമാക്കാനാണ് കമീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ കമീഷന് അനുമതി നൽകിയാണ് പരിഗണനാവിഷയങ്ങളില്‍ ഭേദഗതി വരുത്തിയത്. കരാര്‍ സംസ്ഥാന താൽപര്യത്തിന് എതിരാണോ, ഖജനാവിന് നഷ്ടമുണ്ടാകുന്ന തീരുമാനം എടുത്തത് ആരാണ് എന്നീ കാര്യങ്ങൾ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാർ നൽകിയതില്‍ ബാഹ്യ ഇടപെടലുണ്ടോ, ഉണ്ടെങ്കില്‍ അതി​െൻറ പ്രേരണ, കാരണം, സ്വകാര്യ താൽപര്യം, അനര്‍ഹമായ പരിഗണന എന്നിവയും കമീഷന് അന്വേഷിക്കാം. കരാറിലൂടെ സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടോ, നഷ്ടത്തിന് കാരണക്കാരായവരില്‍നിന്ന് ഈടാക്കാനുള്ള നടപടി, ചട്ടവിരുദ്ധ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ സ്വീകരിക്കാവുന്ന നിയമനടപടി എന്നിവയും പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി പോര്‍ട്‌സുമായി ഒപ്പുവെച്ച കരാറില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുന്‍ ഹൈകോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമീഷനെ നിയമിച്ചത്. സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്ന അനുമാനത്തില്‍ അന്വേഷണം നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് കമീഷന്‍ നിലപാട് എടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.