ബാർ കോഴ: വിജിലൻസ്​ റിപ്പോർട്ട്​ തള്ളണമെന്ന ഹരജികൾ ഫയലിൽ സ്വീകരിച്ചു; വിജിലൻസിന്​ കോടതിയുടെ വിമർശനം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കി വിജിലൻസ് സമർപ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ കോടതി ഫയലിൽ സ്വീകരിച്ചു. സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയത് കൃത്യമായി അറിയിക്കാത്തതിന് വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരൻ, നോബിൾ മാത്യു, ഇന്ത്യൻ അസോസിയേഷൻ ഫോർ ലോയേഴ്‌സിന് വേണ്ടി വി.ആർ.വിജു എന്നിവരാണ് ബുധനാഴ്ച കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ, എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, സാമൂഹിക പ്രവർത്തക സാറാജോസഫ് എന്നിവർ ആക്ഷേപം സമർപ്പിക്കാൻ ഹാജരായില്ല. ഹരജികൾ കോടതി ജൂലൈ നാലിന് പരിഗണിക്കും. ബാർ കോഴക്കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻതെന്നയാണോ എന്ന് വിജിലൻസ് ജഡ്‌ജി വിജിലൻസ് നിയമോപകദേശകനോട് ചോദിച്ചപ്പോൾ സ്‌പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയെന്ന വിവരം ലഭിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായി കോടതിയെ അറിയിക്കേണ്ട ബാധ്യതയുണ്ടെന്ന് കോടതി വിജിലൻസ് നിയമോപദേശകനായ വി.വി. അഗസ്റ്റിനെ അറിയിച്ചു.കഴിഞ്ഞ ഏപ്രിൽ 12ന് കേസ് പരിഗണിച്ചപ്പോൾ ഹൈകോടതിയിൽ മാത്രമാണ് സ്‌പെഷൽ പ്രോസിക്യൂട്ടറെന്ന് പറഞ്ഞ് വിജിലൻസ് ലീഗൽ അഡ്വൈസറും സ്പെഷൽപ്രോസിക്യൂട്ടറും തമ്മിൽ കോടതിയിൽ തർക്കമുണ്ടായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് രണ്ടുതവണയാണ് ബാർ കോഴക്കേസിൽ മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയത്. കെ.എം. മാണിയെ കുറ്റമുക്തനാക്കി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ച് തുടരന്വേഷണ ഉത്തരവ് സമ്പാദിച്ചത്. ഇതിനെത്തുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബാർ കോഴക്കേസിൽ മൂന്നാമതും അന്വേഷണത്തിന് ഉത്തരവിട്ടു. 2017 ആഗസ്റ്റ് നാലിന് കേസിൽ പുതിയ അന്വേഷണം ഡിവൈ.എസ്.പി ശ്യാംകുമാറി​െൻറ നേതൃത്വത്തിൽ ആരംഭിച്ചു. മാണിക്കെതിരെ തെളിവില്ലെന്നാണ് മൂന്നാം തുടരന്വേഷണ റിപ്പോർട്ടിലും പറഞ്ഞിരുന്നത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.