കരിമ്പനി: ആശങ്ക വേണ്ടെന്ന് ഡി.എം.ഒ; ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

കൊല്ലം: കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി. മണലീച്ചയിലൂടെയാണ് കരിമ്പനിയുടെ രോഗാണു പകരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറും വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും മലേറിയ യൂനിറ്റും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി രോഗനിയന്ത്രണത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് മണിലീച്ച നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേഖലയില്‍ സ്‌പ്രേയിങ്ങും ഫോഗിങ്ങും നടത്തും. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. മൃഗസംരക്ഷണം, വനം വകുപ്പുകളുടെ സഹായത്തോടെ മേഖലയിലെ മൃഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മണലീച്ച പരത്തുന്ന രോഗം മനുഷ്യരുടെ ത്വക്കിലും ത്വക്കും ശ്ലേഷ്മപടലം ചേരുന്ന ഭാഗത്തും ആന്തരികാവയവങ്ങളെയും ബാധിക്കാം. ത്വക്കില്‍ ചെറിയ കുരുക്കള്‍ ഉണ്ടാവുകയും പിന്നീട് ഇവ അരിമ്പാറയെക്കാള്‍ വലുതാവുകയും ചെയ്യും. മണലീച്ച കടിച്ച് 10 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ക്ഷീണം, പനി, വിളര്‍ച്ച, ശ്വാസംമുട്ടല്‍, കരളിലും, പ്ലീഹയിലും വീക്കം എന്നിവ സംഭവിക്കാം. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന അവസ്ഥക്കാണ് കരിമ്പനി എന്ന് പറയുന്നത്. ഗുരുതമാകുന്നതിനു മുമ്പ് രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും. മണലീച്ചകളെ നശിപ്പിക്കുകയും ഇവ വളരുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.