തീരഗ്രാമത്തെ ഫലഭൂയിഷ്​ടമാക്കാൻ തൈകൾ ഒരുങ്ങി, വിതരണം ഇന്ന്

ചവറ: ലോക പരിസ്ഥിതിദിനത്തി​െൻറ സന്ദേശം ഏറ്റെടുത്തപ്പോൾ തീരദേശഗ്രാമത്തിൽ കിളിർത്തത് 5000 ഫലവൃക്ഷതൈകൾ. നീണ്ടകര പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം തയാറാക്കിയ വൃക്ഷത്തൈകൾ 13 വാർഡിലും ചൊവ്വാഴ്ച വിതരണം ചെയ്യും. സീതപ്പഴം, മാതളം, കുടംപുളി, മുരിങ്ങ, പ്ലാവ്, കശുമാവ്, മാവ്, കണിക്കൊന്ന, കരിങ്ങാലി, പപ്പായ, അത്തി തുടങ്ങി 12ഒാളം ഫലവൃക്ഷത്തൈകളാണ് ആൽത്തറ ബീച്ച് പതിമൂന്നാം വാർഡിൽ മുളപ്പിച്ച് തൈകളാക്കിയത്. കടലിനോട് ചേർന്ന പുത്തൻതുറ ആൽത്തറ ബീച്ച് വാർഡിൽ തൊഴിലുറപ്പ് തൊഴിൽ സാധ്യത വളരെ കുറവാണ്. തുടർന്നാണ് പഞ്ചായത്ത് അംഗം നിജാ അനിൽ പദ്ധതി ഏറ്റെടുത്തത്. മാന്നാറിലെ ഉളുന്തി എന്ന സ്ഥലത്ത് പോയി വിത്തുകൾ വാങ്ങിയാണ് ഉൽപാദനം തുടങ്ങിയത്. കടൽക്ഷോഭങ്ങൾക്കിടയിലും ഏറെ ശ്രമപ്പെട്ടാണ് മൂന്നുമാസത്തെ അധ്വാനഫലമായി തൈകൾ തയാറാക്കിയത്. ഒരു വർഷം 13 തൊഴിൽ മാത്രം കിട്ടിക്കൊണ്ടിരുന്ന വാർഡിൽ തൈ ഉൽപാദനം ഏറ്റെടുത്തതോടെ 45 തൊഴിൽദിനംവരെ നൽകാനായി. സമീപത്തെ ഐ.ആർ.ഇ ഗസ്റ്റ് ഹൗസിൽ കശുമാവ് കൃഷിയും തൊഴിലുറപ്പിൽ ഉൾപ്പെടുത്തി പുരോഗമിക്കുകയാണ്. വിതരണം ചെയ്യുന്ന തൈകൾ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിലായി നട്ട് പരിപാലിക്കുന്നതിന് നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എസ്. മായ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.