പരിസ്ഥിതി ദിനാചരണം: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഹരിതകേരളം മിഷന്‍ സർക്കാർ വകുപ്പുകൾ ന​ാളെ മുതൽ ഹരിത പെരുമാറ്റച്ചട്ടത്തിൽ

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതിദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. പരിസ്ഥിതി-ജലസംരക്ഷണം വിഷയമാക്കി ഹരിതകേരളം മിഷന്‍ നിര്‍മിക്കുന്ന അനിമേഷന്‍ വിഡിയോ പരമ്പര 'ഇനി ഞങ്ങള്‍ പറയും' പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഹരിതോത്സവം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എസ്.എം.വി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി നിർവഹിക്കും. വിദ്യാർഥികളെയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെയും ബന്ധിപ്പിച്ച് ഹരിതസൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട് പത്ത് ഉത്സവങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ ഹരിതപെരുമാറ്റച്ചട്ടം അനുവര്‍ത്തിക്കും. എല്ലായിടത്തും ചൊവ്വാഴ്ച ഹരിതപെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിനുമുന്നോടിയായി പ്രതിജ്ഞയെടുക്കും. ഹരിതപെരുമാറ്റച്ചട്ടത്തിലേക്ക് മാറിയതി​െൻറ സൂചന നല്‍കി ഹോര്‍ഡിങ്സും സ്ഥാപിക്കും. 2017 ല്‍ 86 ലക്ഷം തൈകളാണ് ഹരിതകേരളം മിഷ​െൻറ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നട്ടത്. ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന തൈനടീല്‍ പദ്ധതിയിലൂടെ 2018 പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് കോടി തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രഫി അവാര്‍ഡും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിലെടുത്തതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ (www.haritham.kerala.gov.in) നല്‍കിയിരിക്കുന്ന സംവിധാനത്തില്‍ ഓണ്‍ലൈനായാണ് എന്‍ട്രികള്‍ അയക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.