തിരുവനന്തപുരം: തലസ്ഥാനവാസികളെ ഞെട്ടിച്ച് ജില്ലയിൽ വീണ്ടും 'റോബിൻഹുഡ്' മാതൃകയിൽ എ.ടി.എം തട്ടിപ്പ്. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥക്ക് നഷ്ടമായത് 56,000 രൂപ. രണ്ടാഴ്ചക്കിടെ തലസ്ഥാനത്ത് അരങ്ങേറുന്ന മൂന്നാമത്തെ എ.ടി.എം തട്ടിപ്പാണിത്. എ.ടി.എം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽനിന്ന് ആറുതവണ പണം പിൻവലിച്ചെന്ന സന്ദേശമാണ് ഇവർക്ക് ലഭിച്ചത്. ബാങ്ക് സ്റ്റേറ്റ്മെൻറിൽനിന്ന് സേലം ശിവജിപുരത്തെ എ.ടി.എം കൗണ്ടറിൽനിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. നെട്ടയം എസ്.ബി.ഐ ശാഖയിലാണ് ഉദ്യോഗസ്ഥയുടെ അക്കൗണ്ട്. കഴിഞ്ഞ 29ന് രാത്രി 11.50നും അടുത്തദിവസം പുലർച്ചെ 12.10നും ഇടയിലാണ് ആറുതവണയായി പണം പിൻവലിച്ചത്. പതിനായിരം രൂപ വീതമുള്ള അഞ്ച് ഇടപാടുകളും ആറായിരം രൂപയുടെ ഇടപാടുമാണ് നടന്നത്. പണം നഷ്ടമായതോടെ ഇ-മെയിൽ വഴി എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമായില്ല. ബാങ്ക് അധികൃതർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് കമീഷണർ പി. പ്രകാശ് പറഞ്ഞു. നേരത്തേ എ.ടി.എം കാർഡ് ഒരുതവണപോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്ന് 1,32,927 രൂപയും കുറവൻകോണം സ്വദേശിയായ ഡോക്ടറുടെയും അക്കൗണ്ടിൽനിന്ന് 30,000 രൂപയും സമാനരീതിയിൽ തട്ടിപ്പ് നടന്നിരുന്നു. മൂന്നു തട്ടിപ്പിലും എ.ടി.എം കാർഡ് വിവരം അക്കൗണ്ട് ഉടമകൾ ആരുമായും പങ്കുെവച്ചിരുന്നില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇവ സൈബർ സെൽ പരിശോധിച്ചപ്പോൾ ആപ്പിൾ ഐ ട്യൂൺസ്, ഗൂഗിൾ യങ് ജോയ് തുടങ്ങിയ സൈറ്റുകളിൽ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഓൺലൈൻ ഷോപ്പിങ്ങിലൂടെ നടത്തിയ തട്ടിപ്പ് കണ്ടെത്താൻ പ്രയാസമാണെന്ന നിലപാടിലാണ് സൈബർ സെൽ ഉദ്യോഗസ്ഥർ. അതേസമയം, എ.ടി.എം കൗണ്ടർ വഴി പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ കുറ്റവാളിയെ എത്രയും വേഗം പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സേലം ശിവജിപുരത്തെ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.