അഞ്ചൽ: പ്രാരബ്ദങ്ങളേറെയെങ്കിലും തലചായ്ക്കാനൊരിടം സ്വന്തമായുണ്ടായിരുന്നത് തകർന്നുവീണതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ അഞ്ചംഗ നിർധന കുടുംബം. തടിക്കാട് പൂവണത്തുംമൂട്ടിൽ വീട്ടിൽ പ്രദീപിെൻറ വീടിെൻറ മേൽക്കൂരയാണ് കഴിഞ്ഞദിവസം മഴയിൽ നിലംപൊത്തിയത്. 40 വർഷത്തോളം പഴക്കമുള്ള വീടിെൻറ ഒാടുമേഞ്ഞ മേൽക്കൂര വർഷങ്ങൾക്ക് മുമ്പേ തകർന്നുതുടങ്ങിയതാണ്. ഓടുകൾ പൊട്ടിയും പട്ടികയും കഴുക്കോലും ചിതലരിച്ചും ബലമില്ലാതാകുകയും ചെയ്തതാണ് മഴയത്ത് തകർന്നുവീഴാൻ കാരണമായത്. തടിക്കാട് ജങ്ഷനിൽ പച്ചക്കറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. 85 വയസ്സുള്ള മാതാവ് പൊന്നമ്മയുടെ സംരക്ഷണവും പ്രദീപിെൻറ ചുമലിലാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശിവ ജന്മനാ അസുഖബാധിതനാണ്. ഇപ്പോഴും ചികിത്സയിലാണ്. ഭാര്യ അഖിലക്ക് തൊഴിലൊന്നുമില്ല. രണ്ടര വയസ്സുള്ള മകളോടൊപ്പം വീട്ടിലാണ്. കുട്ടികളെയും ഭർതൃമാതാവിനെയും നോക്കേണ്ടതിനാൽ മറ്റ് തൊഴിലുകൾക്കൊന്നും പോകാനും കഴിയുന്നില്ല. ആകെയുള്ള എട്ട് സെൻറ് വസ്തു ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. വീട് പുനരുദ്ധാരണ പദ്ധതിക്കായി ഗ്രാമസഭയിൽ പലതവണ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല. മാനദണ്ഡപ്രകാരം കൂടുതൽ മാർക്ക് ലഭിക്കാത്തതിനാൽ ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നാണ് പറയപ്പെടുന്നത്. ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കാമെന്ന് പൊതുപ്രവർത്തകർ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ലിസ്റ്റിൽ പേര് വന്നില്ല. വീടിെൻറ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർ പുറമെനിന്ന് നോക്കി വിലയിരുത്തിപ്പോയതിനാലാണ് ലിസ്റ്റിൽ ഉൾപ്പെടാതെ പോയതത്രെ. മേൽക്കൂര തകർന്നുവീണ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വീട് തകർന്നശേഷം അൽപം അകലെയുള്ള ബന്ധുവീട്ടിലാണ് പ്രദീപും കുടുംബവും അന്തിയുറങ്ങുന്നത്. വീട് പുനർനിർമിക്കുന്നതിനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. സുമനസ്സുകളോ സന്നദ്ധസംഘടനകളോ സഹായിച്ചാൽ തകർന്ന മേൽക്കൂര ശരിയാക്കി താമസമാക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഐ.എൻ.ടി.യു.സി മണ്ഡലം സമ്മേളനം ആയൂർ: ഐ.എൻ.ടി.യു.സി ഇളമാട് മണ്ഡലം സമ്മേളനം ജില്ല സെക്രട്ടറി കോടോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗ്, പഠനോപകരണ വിതരണം, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ എന്നിവ നടന്നു. പുകയില വിരുദ്ധ ദിനാചരണം ആയൂർ: അസാപ് ആയൂർ സ്കിൽ ഡെവലപ്മെൻറ് സെൻററിെൻറ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. ജലാലുദ്ദീൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ കെ.പി. ബിനോജ് കുമാർ ക്ലാസ് നയിച്ചു. അസാപ് ജില്ല മേധാവി ഡോ. ഷോബിദാസ്, അനൂപ് ചന്ദ്രൻ, ഷോബിതാ ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.