തിരുവനന്തപുരം: കേരളസർവകലാശാലയിൽ നിലവിലെ വിജ്ഞാപനത്തിൽ അധ്യാപകനിയമനം പുനരാരംഭിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. 105 അധ്യാപക തസ്തികകളിൽ നിയമനത്തിനാണ് മുൻ വി.സിയുടെ കാലത്ത് വിജ്ഞാപനം ഇറക്കിയത്. നിയമനനടപടി പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം നിയമോപദേശം തേടാൻ തീരുമാനിച്ചിരുന്നു. സംവരണക്രമം അട്ടിമറിക്കാനാണ് നിയമോപദേശം തേടുന്നതെന്ന് ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് മുൻവിജ്ഞാപനപ്രകാരം നിയമനനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സർവകലാശാലകളിലെ അധ്യാപകതസ്തിക തിരിച്ചുള്ള സംവരണമാണ് നിലവിലെ വ്യവസ്ഥ. ഇതുപ്രകാരം മുഴുവൻ പഠനവകുപ്പുകളിലെയും ഒരേ തസ്തികകൾ ഒന്നിച്ച് ചേർത്ത് സംവരണക്രമം തീരുമാനിക്കണം. എന്നാൽ, പഠനവകുപ്പുകളിൽ പ്രത്യേകം സംവരണം നടപ്പാക്കാനായിരുന്നു യു.ജി.സി നിർദേശം. ഇത് നിലവിലുള്ള വിജ്ഞാപനത്തെ ബാധിക്കുകയും ഒേട്ടറെ സംവരണവിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കുന്നതുമായിരുന്നു. യു.ജി.സി നിർദേശത്തിെൻറ മറവിൽ സിൻഡിക്കേറ്റ് സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നതോടെയാണ് പഴയ വിജ്ഞാപനത്തിൽ നിയമനനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇക്കാര്യം യു.ജി.സിയെ അറിയിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. നിലവിലെ നിയമനവിജ്ഞാപനവുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്ന് സർവകലാശാലക്ക് നിയമോപദേശം ലഭിച്ചതായാണ് സൂചന. വിജ്ഞാപനപ്രകാരം 105 തസ്തികകളിൽ 57 എണ്ണവും സംവരണവിഭാഗങ്ങൾക്കാണ്. സർവകലാശാലയിൽ ആദ്യമായി പ്രഫസർ തസ്തികയിൽ സംവരണവിഭാഗത്തിൽ നിന്ന് നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനത്തിലൂടെ വഴി തുറന്നിരുന്നു. സർവകലാശാലയിൽ അഞ്ച്, ആറ് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പുനർമൂല്യനിർണയത്തിനായി പ്രത്യേക ക്യാമ്പുകൾ നടത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ആഗസ്റ്റ് 13ന് മുമ്പായി ഫലം പ്രസിദ്ധീകരിക്കും. യു.ജി.സിയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.