കൊട്ടിയം: ഒഴിവാക്കാമായിരുന്നു ശ്രീകലക്ക് ആ യാത്ര. പക്ഷേ, ജോലിയോടുള്ള ആത്മാർഥത അവരെ പിന്തിരിപ്പിച്ചില്ല. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വുമൺ സിവിൽ പൊലീസ് ഓഫിസറായ ശ്രീകല വ്യാഴാഴ്ച സ്റ്റേഷനിൽ ജി.ഡി ഡ്യൂട്ടിയിലായിരുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ് ചേരിക്കോണത്തുനിന്ന് കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ വനിത പൊലീസ് കൂടി പോകണമെന്ന അറിയിപ്പ് ലഭിച്ചത്. ആര് പോകുമെന്ന അന്വേഷണം നടക്കുമ്പോഴാണ് ശ്രീകല സന്നദ്ധത അറിയിച്ചത്. ഭർത്താവിനോടും മകളോടും അങ്കമാലിയിൽ പോകുന്ന വിവരം പറഞ്ഞ് തിരികെ സ്റ്റേഷനിലെത്തി സീനിയർ പൊലീസ് ഓഫിസർ നിസാറിനൊപ്പം കാറിൽ അങ്കമാലിയിലേക്ക് തിരിച്ചു. അത് അന്ത്യയാത്രയായി. പതിനഞ്ചു വർഷം മുമ്പ് സർവിസിൽ കയറിയ ശ്രീകല സഹപ്രവർത്തകർക്കും നാട്ടുകാർക്കും പ്രിയങ്കരിയാണ്. അപകടത്തിൽ മരിച്ചെന്നതറിഞ്ഞതോടെ കൊട്ടിയം പൊലീസ് സ്റ്റേഷൻ മരണവീടായി. താമസസ്ഥലമായ നെടുമ്പനയും ദുഃഖത്തിലാണ്ടു. പല വീട്ടിലും പുലർച്ചെ മുതൽ തേങ്ങലുയർന്നു. കൊല്ലം എ.ആർ ക്യാമ്പിലും കൊട്ടിയം പൊലീസ് സ്റ്റേഷനിലും മൃതദേഹം പൊതുദർശനത്തിന് െവച്ചു. വനിത പൊലീസുകാർ വിതുമ്പലോടെയാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ഒരാൾ കുഴഞ്ഞുവീണു. കൊട്ടിയത്ത് പൊതുദർശനത്തിന് െവച്ചശേഷം അഞ്ചേമുക്കാലോടെ നെടുമ്പനയിലെ 'ശ്രീധര'ത്തിലെത്തിച്ചപ്പോൾ അവിടെയും കൂട്ടക്കരച്ചിലുയർന്നു കേൾക്കാമായിരുന്നു. മൃതദേഹം പൊലീസ് ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രണ്ട് പെൺമക്കളിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്. മറ്റൊരാൾ പേരൂർ മീനാക്ഷി വിലാസം സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഏതാനും വർഷം മുമ്പ് കൊല്ലത്ത് ജോലി നോക്കവെ പൊലീസ് ജീപ്പിൽനിന്ന് പുറത്തേക്ക് വീണ് പരിക്കേറ്റിരുന്നു. ഏറെനാളത്തെ ചികിത്സക്കുശേഷമാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടറുടെ ഓഫിസിൽ ജോലി നോക്കിയിരുന്ന ഇവർ സി.ഐമാർ എസ്.എച്ച്.ഒമാരായതോടെയാണ് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.