കൊല്ലം: കൂടുതല്‍ സൗകര്യങ്ങളും പരിശോധനാസംവിധാനങ്ങളും ഒരുക്കുന്നതിന് ജില്ല പബ്ലിക് ഹെൽത്ത് ലബോറട്ടറിക്ക് പുതിയ ഇരുനില കെട്ടിടം നിര്‍മിക്കുന്നു. ഞായറാഴ്ച ഉച്ചക്ക് 12 ന് ജില്ലആശുപത്രി അങ്കണത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർമാണോദ്ഘാടനം നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 1961 ലാണ് ജില്ല പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിച്ചത്. സാധാരണ പരിശോധനകള്‍ കൂടാതെ സ്‌പെഷല്‍ ടെസ്റ്റുകളായ കള്‍ചര്‍ ആൻഡ് സെന്‍സിറ്റിവിറ്റി, തിയറ്റര്‍/ബ്ലഡ് ബാങ്ക് സ്റ്റെര്‍ലിറ്റി എന്നിവ ഇവിടെ നടത്തും. ടൈഫോയ്ഡ്, സെപ്റ്റീസീമിയ തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധന, ഓപറേഷന്‍ തിയറ്റര്‍, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലെ അണുബാധ കണ്ടെത്തുന്നതിനുള്ള പരിശോധന, കുടിവെള്ള പരിശോധന, ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി എന്നിവക്കും നൂതനമായ എലിസാ പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ബി.പി.എല്‍ വിഭാഗത്തിന് എല്ലാ പരിശോധനകളും സൗജന്യമാണ്. എ.പി.എല്‍ വിഭാഗത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസാണ് ഈടാക്കുന്നത്. സ്വകാര്യമേഖലകളില്‍ ചെലവേറുന്ന ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും സൗജന്യമാണ്. പ്രതിഭാ പിന്തുണ പദ്ധതി കൊല്ലം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാര്‍ക്കായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പ്രതിഭാപിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക പിന്തുണയും അംഗീകാരവും പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തികസഹായവും നല്‍കുന്നതാണ് പദ്ധതി. പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ പ്രോജക്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രതിഭ തെളിയിക്കുന്നതിനുള്ള രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ആഗസ്റ്റ് 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. വരുമാന പരിധി 3,00,000 രൂപ. ഫോൺ: 0474-2794996 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.