ടിപ്പറുകളുടെ സമയക്രമം കലക്​ടർമാർക്ക്​ നിയന്ത്രിക്കാം സ്കൂൾ സമയം വ്യത്യാസപ്പെടുന്നതനുസരിച്ച്​ സമയം ക്രമീകരിക്കാം

കൊല്ലം: ഓരോ പ്രദേശത്തെയും സ്കൂൾ സമയം വ്യത്യസ്തമായതിനാൽ അതിനനുസരിച്ച് ടിപ്പറുകളുടെ ഗതാഗതം നിയന്ത്രിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. നിയന്ത്രണങ്ങൾക്കിടയിലും സമയക്രമം ലംഘിച്ച് ടിപ്പറുകൾ പായുന്നതിലും മാറ്റമില്ലാതെ തുടരുകയാണ്. അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തിലാണ് തിരക്കേറിയ രാവിലെയും വൈകീട്ടും ടിപ്പറുകൾക്ക് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധന എവിടെയും നടക്കുന്നില്ല. സ്കൂൾ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി നിലവിൽ രാവിലെയും വൈകീട്ടും ഒരു മണിക്കൂർ വീതമാണ് ടിപ്പറുകൾക്ക് നിയന്ത്രണമുള്ളത്. രാവിലെ ഒമ്പതു മുതൽ 10 വരെയും വൈകുന്നേരം നാലുമുതൽ അഞ്ച് വരെയുമാണ് ടിപ്പറുകൾക്ക് റോഡിൽ വിലക്കുള്ളത്. പത്തനംതിട്ട കലക്ടറുടെ കത്തി​െൻറ അടിസ്ഥാനത്തിലാണ് സമയം മാറ്റുന്നതിലെ അധികാരം വ്യക്തമാക്കി ഉത്തരവിറക്കിയത്. തിരുവല്ല നഗരസഭയിലെ സ്കൂൾ, കോളജുകൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കുന്നതിൽ ടിപ്പറുകളുടെ നിയന്ത്രണം രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ 4.30 വരെയും ആക്കണമെന്നായിരുന്നു കലക്ടറുടെ ആവശ്യം. സ്കൂൾ കോളജ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ഓരോ സ്ഥലത്തെയും പ്രാദേശിക സാഹചര്യം പരിഗണിച്ചും ടിപ്പറുകളുടേയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള ചുമതല കലക്ടർമാർക്ക് നൽകുകയായിരുന്നു. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ 115ാം വകുപ്പ് അനുസരിച്ചാണ് അതാത് കലക്ടർമാർക്ക് ചുമതലനൽകി ഉത്തരവിറങ്ങിയത്. നിയന്ത്രണം ഒരുമാസത്തിൽ കൂടുതൽ ആവശ്യമാണെങ്കിൽ വിജ്ഞാപനം ഒൗദ്യോഗിക െഗസറ്റിൽ പ്രസിദ്ധീകരിക്കുകയും നിയന്ത്രണം സംബന്ധിച്ച് പ്രാദേശികതലത്തിൽ പ്രചാരണവും നൽകണം. ടിപ്പറുകൾക്ക് നിലവിലുള്ള നിയന്ത്രണം അപര്യാപ്തമാണെന്നാണ് നിരത്തിലെ അപകടകണക്കുകൾ കാണിക്കുന്നത്. നിലവിലെ നിയന്ത്രണംപോലും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. സ്കൂൾ സമയങ്ങളിൽ അമിതലോഡുമായി ടിപ്പറുകൾ പായുന്നത് ഗ്രാമീണമേഖലയിലെ നിത്യകാഴ്ചയാണ്. പരിശോധന വല്ലപ്പോഴുമായതാണ് കാരണം. ഇപ്പോഴുള്ള ഒരു മണിക്കൂർ കൊണ്ട് കാര്യമായ ഉപകാരവുമില്ല. കുറഞ്ഞ സമയനിയന്ത്രണം കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാവുന്നില്ല. മിക്കസ്ഥലങ്ങളിലും കുട്ടികൾ രാവിലെ ഒമ്പതിന് മുമ്പ് സ്കൂളിൽ എത്തും. 2012ൽ രാവിലെയും വൈകീട്ട് രണ്ട് മണിക്കൂർ വീതമായിരുന്നു നിയന്ത്രണം. നിർമാണമേഖലയെ തളർത്തുമെന്ന് പറഞ്ഞ് സമരമുണ്ടായതിനെ തുടർന്ന് സർക്കാർ 2014ൽ ഇളവ് നൽകി ഒരുമണിക്കൂർ വീതമാക്കി ഉത്തരവ് ഇറക്കി. 41 മാസം, നഷ്ടമായത് 41 കുരുന്ന് ജീവനുകൾ കൊല്ലം: അമിതവേഗത്തിൽ നിരത്ത് കീഴടക്കുന്ന ടിപ്പറുകൾ 41 മാസത്തിനിടെ കവർന്നത് 41 കുട്ടികളുടെ ജീവൻ. 129 അപകടങ്ങളിലാണ് ഇത്രയും മരണമുണ്ടാ‍യതെന്നാണ് പൊലീസ് റിപ്പോർട്ട്. 2015ൽ 45 അപകടങ്ങളിൽ 21 പേർ മരിച്ചു. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 2016ൽ 39 അപകടങ്ങളിൽ അഞ്ച് കുട്ടികൾ മരണത്തിന് കീഴടങ്ങിയപ്പോൾ 20 പേർക്ക് ഗുരുതര പരിക്കേറ്റു. 2017ൽ 30 അപകടങ്ങളിലായി 10 കുട്ടികളാണ് മരിച്ചത്. 16 പേർക്ക് ഗുരുതര പരിക്കേറ്റു. ഇൗ വർഷം മേയ് വരെ 15 അപകടങ്ങളാണുണ്ടായത്. അഞ്ച് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.