ബ്ലാക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ പ്രതികൾ പിടിയിൽ

കഴക്കൂട്ടം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കൃഷി ഓഫിസറെ ഭീഷണിപ്പെട്ടുത്തി 10 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കാഞ്ഞിരംപാറ ശ്യാമവിള വീട്ടിൽ ജിം ഉണ്ണി എന്ന് വിളിക്കുന്ന അരുൺ (25), ബാലരാമപുരം രാമകൃഷ്ണ സ്കൂളിന് സമീപം ആലുവിള പുത്തൻവീട്ടിൽ ജീജോ രാജ് (31) എന്നിവരാണ് പിടിയിലായത്. മലപ്പുറത്ത് വാഹന പരിശോധക്കിടെ എസ്.ഐയെ തട്ടിക്കൊണ്ടുപോയ കേസിലും തലസ്ഥാനത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് അറസ്റ്റിലായ അരുൺ. കഴിഞ്ഞദിവസം രാത്രി പട്ടത്ത് ഷാഡോ പൊലീസും ശ്രീകാര്യം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ബാലരാമപുരം സ്വദേശിയായ യുവതിയുമായി കൃഷി ഓഫിസർക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ 10 ലക്ഷം രൂപ തരണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. ഇത്തരം ഒരു ബന്ധം തനിക്കില്ലെന്നും പണം നൽകാൻ പറ്റില്ലെന്നും കൃഷി ഓഫിസർ അറിയിച്ചു. തുടർന്ന് ഇയാളെ അപായപ്പെടുത്താനും സംഘം ശ്രമിച്ചു. രണ്ടുദിവസം മുമ്പ് അരുൺ കൃഷി ഓഫിസറുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഓഫിസർ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽ കുമാറിനും ശ്രീകാര്യം പൊലീസിനും പരാതി നൽകി. കഴക്കൂട്ടം എ.സിക്ക് കിട്ടിയ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽകുമാറും ശ്രീകാര്യം എസ്.ഐ സനോജും ഷാഡോ പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ബാലരാമപുരം സ്വദേശിനി വിധുമോളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.