തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷൻ വെൽഫെയർ ഫണ്ടിൽ തിരിമറി കണ്ടെത്തിയ ജീവനക്കാരിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി മകളുടെ പരാതി. പട്ടം ടെലികമ്യൂണിക്കേഷൻ ഓഫിസിലെ മിനിസ്റ്റീരിയൽ ജീവനക്കാരിയായിരുന്ന ബീനകുമാരിയുടെ മകൾ വി. ശാലിനിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പി ലോക്നാഥ് െബഹ്റക്കും പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരിൽ ചിലരുടെയും പ്രതികാര നടപടികൾ മൂലം ബീന കടുത്ത മാനസികസംഘർഷത്തിലാണെന്നും ഇതുമൂലം കുടുംബജീവിതവും തെൻറ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും ശാലിനി പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ടെലികമ്യൂണിക്കേഷനിൽ ഓഡിറ്റിങ് നടന്നത്. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തെ കേരള പൊലീസ് വെൽഫെയർ ആൻഡ് അമിനിറ്റി (കെ.പി.ഡബ്ല്യു.എ) ഫണ്ടിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം സ്ഥിരീകരിച്ചത്. ടെലികമ്യൂണിക്കേഷൻ ജീവനക്കാരല്ലാവർക്കുപോലും വായ്പ അനുവദിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു, ഉദ്യോഗസ്ഥർ സർവിസിൽനിന്ന് പിരിഞ്ഞിട്ടുപോലും വായ്പത്തുക തിരിച്ചുപിടിച്ചില്ല, പ്രസിഡൻറും സെക്രട്ടറിയും അറിയാതെ വ്യവസ്ഥകൾ ലംഘിച്ച് മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാർതന്നെ നേരിട്ട് വായ്പ അനുവദിച്ചു, ജീവനക്കാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടി തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയത്. ബീനയാണ് ആദ്യം ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. ഓഡിറ്റ് റിപ്പോർട്ടും കൂടി ലഭിച്ചതോടെ അന്നത്തെ ടെലികമ്യൂണിക്കേഷൻ എസ്.പി ജെ. ജയനാഥ് ഡി.ജി.പിയോട് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ ഇൻറലിജൻസ് ഐ.ജി ബെൽറാം കുമാർ ഉപാധ്യായക്ക് അന്വേഷണം കൈമാറി എന്നാൽ, അന്വേഷണം കൈമാറിയതിനു തൊട്ടുപിന്നാലെ ജീവനക്കാരിയായ ബീനയെ ഉന്നതർ ഇടപെട്ട് ടെലികമ്യൂണിക്കേഷനിൽനിന്ന് എസ്.എ.പി ക്യാമ്പിലേക്ക് സ്ഥലം മാറ്റി. പകരം ക്രമക്കേട് നടന്ന കാലത്ത് ഫണ്ട് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ ഓഫിസിൽ നിയമിക്കുകയും ചെയ്തു. ഇത് അഴിമതി തേച്ചുമാച്ചുകളയാനാണെന്നും മാതാവിെൻറ ജീവന് സംരക്ഷണം നൽകി അനധികൃത സ്ഥലംമാറ്റം റദ്ദുചെയ്യണമെന്നും പരാതിയിൽ പറയുന്നു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.