സി.പി.എം കോടിയേരിയെയും മക്കളെയും സംരക്ഷിക്കുന്നു ^വി. മുരളീധരൻ യുവമോർച്ച മാർച്ചിൽ സംഘർഷം, രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു

സി.പി.എം കോടിയേരിയെയും മക്കളെയും സംരക്ഷിക്കുന്നു -വി. മുരളീധരൻ യുവമോർച്ച മാർച്ചിൽ സംഘർഷം, രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറയും മക്കളുടെയും അനധികൃത സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കോടിയേരിയെയും മക്കളെയും സി.പി.എം സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പരിശോധിച്ചാൽ വൻവ്യവസായം തുടങ്ങാൻ തക്ക സമ്പാദ്യം ഇവർക്കില്ലെന്ന് വ്യക്തമാകും. എന്നാൽ, നിലവിൽ മക്കളും കോടിയേരിയും വലിയ സ്വത്തുക്കളുടെ ഉടമകളായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഇവരുടെ കള്ളക്കളി പുറത്തുകൊണ്ടു വരണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മാർച്ചിൽ സംഘർഷമുണ്ടായി. തള്ളിക്കയറിയ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സെക്രേട്ടറിയറ്റിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന്, പൊലീസും പ്രവർ‍ത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്നും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ രണ്ടുതവണ കൂടി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ല ജനറൽ സെക്രട്ടറി സതീഷ്, ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ സതീഷിനെ കണ്ണാശുപത്രിയിലും അഭിജിത്തിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.