റോഡ് വികസിപ്പിച്ചപ്പോൾ വഴിവിളക്കുകൾ മാറ്റി: ബൈപാസിൽ അപകടമേറിയിട്ടും നടപടിയില്ല

*ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ കാണ്മാനില്ല *പൊതുതാൽപര്യ ഹരജി നൽകാനൊരുങ്ങി നാട്ടുകാർ കൊട്ടിയം: റോഡ് വികസനത്തി​െൻറ ഭാഗമായി വൈദ്യുതി പോസ്റ്റുകളും തെരുവുവിളക്കുകളും മാറ്റിയതോടെ മേവറം -കല്ലുംതാഴം ബൈപാസ് റോഡിൽ അപകടങ്ങൾ പതിവായി. മേവറം മുതൽ അയത്തിൽ വരെയുള്ള ഭാഗത്തെ അപകടങ്ങൾ കുറക്കുന്നതിന് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ ഇപ്പോൾ ബൈപാസ് റോഡിൽ കാണാനില്ലാത്ത അവസ്ഥയാണ്. രാത്രിയിൽ നിരവധി അപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യെപ്പടുന്നത്. ബൈപാസ് വികസനത്തി​െൻറ പേരിൽ അയത്തിൽ ജങ്ഷനിലുണ്ടായിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റും ഇളക്കിമാറ്റിയിരുന്നു. ലക്ഷങ്ങൾ മുടക്കി അയത്തിൽ, മേവറം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളും പ്രകാശിക്കാത്ത നിലയിലാണ്. ബൈക്കുകളാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ എതിരെവരുന്ന വാഹനങ്ങൾ ലൈറ്റുകൾ ഡിം ചെയ്യാത്തതും നിരോധിത ബൾബുകൾ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്നതും രാത്രിയിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബൈപാസി​െൻറ ഒരുവശം കോർപറേഷൻ അതിർത്തിയും മറുവശം പഞ്ചായത്തുമാണ്. തദ്ദേശസ്ഥാപനങ്ങളും ബൈപാസ് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞദിവസം രാത്രിയിൽ ബൈപാസ് റോഡിൽ ഒാട്ടോയും ബൈക്കും കൂട്ടിമുട്ടി ഒരാൾ മരിച്ച സംഭവമുണ്ടായി. ശ്രീനാരായണ പബ്ലിക് സ്കൂളിന് സമീപം ബൈക്ക് കാറിലിടിച്ച് അയത്തിൽ അനുഗ്രഹ നഗറിൽ വേടൻവിള വീട്ടിൽ ഷിയാസ് (18) മരിച്ചതാണ് അപകടങ്ങളിൽ ഒടുവിലത്തേത്. ബൈപാസ് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം വ്യപകമാണെങ്കിലും അധികൃതർ മൗനം തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ അപകടവിവരങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്ന് കോൺഗ്രസ് സേവാദൾ ചെയർമാൻ അയത്തിൽ നിസാമും ആർ.എസ്.പി നേതാവ് മുഹമ്മദ് കുഞ്ഞും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.