തിരുവനന്തപുരം: 'ലീല ചൈതന്യ വയലറ്റ്...' ഫ്രഞ്ചുകാരി നതാലിയ ഡിഫോണ്ട് ഇൗ പേര് വിളിച്ചപ്പോൾ ആദ്യം അപരിചിതത്വമായിരുന്നു ചൈതന്യക്ക്. കുറച്ചുനേരം നതാലിയക്കൊപ്പം ചെലവഴിച്ച് അവരോടും പുതിയ പേരിനോടും കൂട്ടുകൂടിയാണ് അവൾ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ പടിയിറങ്ങിയത്. കടൽകടന്നെത്തിയ പോറ്റമ്മക്കൊപ്പം അവൾ വ്യാഴാഴ്ച ഫ്രാൻസിലേക്ക് പറക്കും. അഞ്ചര വയസ്സുകാരിയായ ചൈതന്യ 2012 േമയ് 29ന് ആറുമാസം പ്രായമുള്ളപ്പോഴാണ് പാലക്കാട് അമ്മത്തൊട്ടിലിലൂടെ ശിശുക്ഷേമ സമിതിയുടെ തണലിലേക്ക് എത്തിയത്. തുടർ പരിചരണം സമിതിയുടെ കീഴിലുള്ള മലപ്പുറം ഫൗണ്ട്ലിങ് ഹോമിൽ. പിന്നീട് തിരുവനന്തപുരത്തെ ദത്തെടുക്കൽ കേന്ദ്രത്തിലെത്തി. തലസീമിയ ബാധിച്ച് തിരുവനന്തപുരത്തും വെല്ലൂരിലും ചികിത്സയിൽ കഴിയുന്ന ചൈതന്യയെ ദത്തെടുക്കാൻ ഫ്രാൻസിലെ വില്ലിക്രസൻസിൽ അധ്യാപികയായ 47കാരി നതാലിയ സന്നദ്ധയാകുകയായിരുന്നു. അവിവാഹിതയായ ഇവർ പരിസ്ഥിതിസ്നേഹി കൂടിയാണ്. 2012ൽ ഇവർ ഇന്ത്യയിൽനിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന ഏലിയാസ് ആര്യ എന്ന ആൺകുട്ടിയെ ദത്തെടുത്തിരുന്നു. ഇപ്പോൾ ഏഴ് വയസ്സുള്ള ഏലിയാസും നതാലിയക്കൊപ്പം ചൈതന്യയെ കൊണ്ടുപോകാൻ വന്നിട്ടുണ്ട്. സ്വന്തം മകളെപ്പോലെ ചൈതന്യയെ പരിചരിക്കുമെന്നും കുറെനാളായി ഇവൾക്കായി തെൻറ കുടുംബം കാത്തിരിക്കുകയാണെന്നും നതാലിയ പറഞ്ഞു. 51ഉം 53ഉം വയസ്സായ രണ്ടു സഹോദരിമാരാണ് ഇവർക്ക്. സഹോദരിമാർക്കും മക്കളില്ല. 2016 ഡിസംബറിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം നാലു കുട്ടികളെ വിദേശത്തേക്ക് ദത്ത് നൽകി. വേണി, റാണി എന്നീ സഹോദരങ്ങൾ (ന്യൂസിലൻഡ്) നവിത (അമേരിക്ക), റിയ (യു.എ.ഇ) എന്നിവരാണ് വിദേശത്തേക്ക് രക്ഷാകർത്താക്കൾക്കൊപ്പം കടൽകടന്നത്. സിദ്ധാർഥ് (ഫ്രാൻസ്), ദിേവ്യന്ദു (ഇറ്റലി), ചന്ദ് (അമേരിക്ക), ഹണി (അമേരിക്ക) എന്നീ നാലു കുട്ടികളും ഒരു മാസത്തിനുള്ളിൽ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിദേശത്തേക്ക് പറക്കും. ബുധനാഴ്ച സമിതിയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറർ ജി. രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചൈതന്യയെ നതാലിയക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.