കൊല്ലം: തേവലക്കര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായേക്കും. 23 അംഗ പഞ്ചായത്ത് സമിതിയിൽ രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസിെൻറ നേതൃത്വത്തിൽ ഭരണം നടക്കുന്നത്. ഇതിൽ കോൺഗ്രസ് വിമതനായി മത്സരിച്ച രണ്ടാം വാർഡ് പ്രതിനിധിയും നിലവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ രാജേഷ് കുമാർ പിന്തുണ പിൻവലിച്ചെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം രംഗത്ത് വന്നു. കൂടാതെ, സ്വതന്ത്രന് പിന്തുണയുമായി പ്രസിഡൻറിെൻറ രാജി ആവശ്യപ്പെട്ട് നാല് കോൺഗ്രസ് പ്രതിനിധികളും രംഗത്ത് വന്നതായും വിവരമുണ്ട്. പഞ്ചായത്തിൽ ഭരണകാലയളവ് പകുതി പിന്നിട്ടതോടെ പ്രസിഡൻറ് പദവിക്കായുള്ള തർക്കമാണ് ഭരണനഷ്ടത്തിെൻറ പടിവാതിൽക്കൽ എത്തി നിൽക്കുന്നത്. ചവറ മണ്ഡലത്തിൽ യു.ഡി.എഫിെൻറ മേൽക്കോയ്മയിലുള്ള ഏക പഞ്ചായത്തിലെ ഭരണമാണ് സ്വതന്ത്രെൻറ നിലപാടിൽ യു.ഡി.എഫിന് നഷ്ടമാകാൻ പോകുന്നത്. കോൺഗ്രസിലെ ജോസ് ആൻറണിയാണ് നിലവിലെ പ്രസിഡൻറ്. പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫിന് 11സീറ്റും യു.ഡി.എഫിന് 10 സീറ്റുമാണുള്ളത്. രാജേഷിെൻറയും മറ്റൊരു സ്വതന്ത്രയായ സുജാത രാജേന്ദ്രെൻറയും പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നേടിയത്. പകരമായി ഇരുവർക്കും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും നൽകിയിരുന്നു. എന്നാൽ, ഭരണം രണ്ടര വർഷം പിന്നിട്ടതോടെ പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി സ്വതന്ത്രനായ രാജേഷ് കുമാർ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വന്നതോടെയാണ് അധികാര വടംവലി തുടങ്ങിയത്. ഏഴു സീറ്റുകളുള്ള കോൺഗ്രസിന് സ്വതന്ത്രർ കൂടാതെ രണ്ട് ആർ.എസ്.പി അംഗങ്ങളുടെയും ഒരു സി.എം.പി അംഗത്തിെൻറയും പിന്തുണയാണുള്ളത്. വൈസ് പ്രസിഡൻറ് പദവി ആർ.എസ്.പിക്കാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് 11 സീറ്റുകളുള്ള എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് നാടകീയനീക്കങ്ങളോടെ തേവലക്കരയിലെ കോൺഗ്രസ് നേതൃത്വം ഇടഞ്ഞുനിന്ന രാജേഷ് കുമാറിെൻറ പിന്തുണ ഉറപ്പിച്ചത്. രണ്ടര വർഷം കഴിഞ്ഞ് രാജേഷ് കുമാറിനെ പ്രസിഡൻറാക്കാമെന്ന് കരാറും ഉണ്ടാക്കിയിരുന്നു. ഭരണം പകുതി പിന്നിട്ടതോടെ കോൺഗ്രസ് നേതൃത്വം പറഞ്ഞ ധാരണ നടപ്പാക്കണമെന്ന ആവശ്യമുയർത്തിയതോടെയാണ് തേവലക്കരയിൽ യു.ഡി.എഫിൽ തർക്കം രൂക്ഷമാക്കിയത്. മണ്ഡലം കമ്മിറ്റിയും ഡി.സി.സി പ്രസിഡൻറും രാജിെവക്കണമെന്നാവശ്യപ്പെട്ട് ജോസ് ആൻറണിക്ക് കത്ത് നൽകിയിട്ടും രാജിെവക്കാത്തതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് രാജേഷ് കുമാർ പറഞ്ഞു. രാജേഷിന് പിന്തുണയുമായി വാർഡ് കോൺഗ്രസ് കമ്മിറ്റിയും രംഗത്തുള്ളതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.