രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

കൊല്ലം: ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ആലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 210 പേര്‍ പങ്കെടുത്തു. ഫിസിഷ്യ​െൻറയും ത്വക്ക്-അസ്ഥിരോഗ വിഗദഗ്ധരുടെയും സേവനം ക്യാമ്പിലുണ്ടായിരുന്നു. പങ്കെടുത്തവരിൽ ആരിലും ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. സെപ്റ്റംബര്‍ ആറിന് വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ആര്‍. സന്ധ്യ അറിയിച്ചു. പ്രളയക്കെടുതി; ആര്‍ക്കൈവ്‌സിലേക്ക് ഫോട്ടോകളും വിഡിയോകളും നല്‍കാം കൊല്ലം: മഴക്കെടുതിയും പ്രളയവുമായി ബന്ധപ്പെട്ട ഫോട്ടോകളും വിഡിയോകളും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ആര്‍ക്കൈവ്‌സിലേക്ക് ശേഖരിക്കുന്നു. 15 മുതല്‍ ജില്ലയില്‍നിന്ന് എടുത്ത ഫോട്ടോകളും വിഡിയോകളും സര്‍ക്കാറി​െൻറ ശേഖരത്തില്‍ സൂക്ഷിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും കൈമാറാം. നാശനഷ്ടങ്ങള്‍, കരകവിഞ്ഞൊഴുകുന്ന പുഴകള്‍, വെള്ളം കയറിയ റോഡുകളും വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും, ഉരുള്‍പൊട്ടലുകള്‍, തെന്മല ഡാമി​െൻറ ഷട്ടര്‍ തുറക്കുന്നത്, പരവൂര്‍ പൊഴി മുറിക്കുന്നത്, രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍നിന്ന് അയല്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യബന്ധന നൗകകള്‍ കൊണ്ടുപോകുന്നത്, കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍, ശുചീകരണ ജോലികള്‍, മറ്റു പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ശേഖരിക്കുന്നത്. ഇവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വിഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സെപ്റ്റംബര്‍ അഞ്ചിനകം 9995222603 നമ്പറില്‍ വാട്‌സ്ആപ് മുഖേന അയക്കണം. prdklmarch@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ഫോട്ടോകളും വിഡിയോകളും അയക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും അയക്കുന്നവര്‍ ലഘുവിവരണം, സംഭവസ്ഥലം, പകര്‍ത്തിയ തീയതി, സമയം, എടുത്ത ആളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.