•മുല്ലപ്പെരിയാർ 137 അടി പിന്നിട്ടു; ഒാറഞ്ച് അലർട്ട് •സർക്കാർ ഒാണാഘോഷം ഒഴിവാക്കി സംസ്ഥാനത്ത് മഴ തോരുന്നില്ല. ചൊവ്വാഴ്ച കൂടുതൽ ശക്തിപ്രാപിച്ചതോടെ മിക്ക ജില്ലകളിലും ഉരുൾപൊട്ടലും പ്രളയവും. പുഴകൾ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അണക്കെട്ടുകളിൽ വീണ്ടും ജലനിരപ്പുയർന്നു. മഴക്കൊപ്പം ശക്തമായ കാറ്റുകൂടി വന്നതോടെ അപകടങ്ങളും പെരുകി. ചൊവ്വാഴ്ച തൃശൂരിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണം 40 ആയി. ഇടുക്കിയിൽ ഒരാളെ കാണാതായി. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി 1725 പേർ ക്യാമ്പുകളിൽ അഭയം തേടി. l സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്ന ഒാണാഘോഷം കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഒാണാഘോഷ പരിപാടികൾക്കായി ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. l ശനിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒഡിഷ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് കാരണം. വരുന്ന 48 മണിക്കൂര്‍ അതിശക്തമായ മഴക്കാണ് സാധ്യത. l തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിെൻറ ഷെൽട്ടറിന് മുകളിൽ മരം കടപുഴകി ചെമ്പൂച്ചിറ പുതുശേരി വീട്ടിൽ ഷാജിയാണ് മരിച്ചത്. നെടുപുഴയിലും വാടാനപ്പള്ളി മേഖലയിലും ചുഴലിക്കാറ്റ് വൻനാശനഷ്ടമുണ്ടാക്കി. l ശബരിമലയുടെ സമീപകാല ചരിത്രത്തിലൊന്നും ഉണ്ടാകാത്ത വെള്ളപ്പൊക്കമാണ് പമ്പയിൽ അനുഭവപ്പെടുന്നത്. കരകവിഞ്ഞ പമ്പയാറ്റിൽ കുെത്താഴുക്കിന് ശമനമില്ല. ഇതോടെ നിറപുത്തരി ആഘോഷങ്ങൾക്ക് ശബരിമല തീർഥാടകരെ കടത്തിവിടേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. l ഇടുക്കിയിൽ അടിമാലി കുഞ്ചിത്തണ്ണി എല്ലക്കല്ലിൽ ഉരുൾപൊട്ടി എല്ലക്കൽ ആടിയാനിക്കൽ കുട്ടിയമ്മയെയാണ് (70) കാണാതായത്. മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് മൂന്നാർ പട്ടണം വെള്ളത്തിലായി. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും മഴ ശക്തമായതുമാണ് കാരണം. പഴയ മൂന്നാർ വെള്ളത്തിൽ മുങ്ങി. ഇടുക്കി വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും അഞ്ചു ഷട്ടറുകൾ വീണ്ടും തുറക്കുകയും ചെയ്തു. പരമാവധി സംഭരണശേഷിയിലെത്തിയതോടെ മാട്ടുപ്പെട്ടി ഡാം തുറന്നുവിട്ടു. l മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടി പിന്നിട്ടതോടെ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. l കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ചപ്പമലയിലും വനത്തിലുമായി രണ്ടിടത്ത് ഉരുൾപൊട്ടി. ചപ്പമലയുടെ താഴ്വാരത്തെ കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. l പാലക്കാട് നഗരത്തിലെ ഒലവക്കോട്, ശംഖുവാരത്തോട്, സുന്ദരം കോളനി, കൽപാത്തി, ശേഖരിപുരം തുടങ്ങിയ പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലാണ്. കനത്തമഴക്ക് പുറമെ മലമ്പുഴ, വാളയാർ, ചുള്ളിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. l കോഴിക്കോട്ട് കക്കയം ഡാം സൈറ്റ് റോഡ്, കക്കാടംപൊയിൽ, കണ്ണപ്പൻകുണ്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ല. പെരുവണ്ണാമൂഴി ഡാമിെൻറ ഷട്ടർ തുറന്നതിനാൽ കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവർ മാറിത്താമസിക്കാൻ കലക്ടർ ഉത്തരവിട്ടു. വനമേഖലയിൽ ഉരുൾപൊട്ടൽ തുടരുന്നതിനാൽ ഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിറഞ്ഞുകവിഞ്ഞ് പലയിടത്തും െവള്ളം കയറി. l വയനാട്ടിൽ കുറിച്യർ മലയിലും മക്കിമലയിലും വീണ്ടും ഉരുൾപൊട്ടി. ബാണാസുര സാഗർ ഡാമിെൻറ നാലു ഷട്ടറുകളും തുറന്നു വലിയ അളവിൽ വെള്ളം തുറന്നുവിടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിൽ മുങ്ങി. ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. തലപ്പുഴ കമ്പിപ്പാലത്തിനരിെക ഒഴുക്കിൽപെട്ട് ഒരാളെ കാണാതായെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.