ഒഴിയാതെ മഴ; ദുരിതാശ്വാസ ക്യാമ്പുകളിൽ 130 പേർ

തിരുവനന്തപുരം: കനത്തമഴ ജില്ലയിലെ ജനജീവിതം ദുസ്സഹമാക്കുന്നു. നഗര-ഗ്രാമഭേദെമേന്യ മഴക്കെടുതികൾ വ്യാപകമാണ്. താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളംകയറി. തകർന്ന റോഡുകളിൽ വെള്ളക്കെട്ടുകൂടിയായതോടെ പലേടത്തും വാഹനഗതാഗതം ദുഷ്കരമായിട്ടുണ്ട്. മഴക്കെടുതിയിൽ തലസ്ഥാന ജില്ലയിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 39 കുടുംബങ്ങളിലെ 130 പേർ. നെടുമങ്ങാട്, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് ബി.ബി.എൽ.പി.എസിൽ കഴിയുന്നത് 29 കുടുംബങ്ങളിലെ 97 പേരാണ്. തീരദേശത്തെ രൂക്ഷമായ കടലാക്രമണത്തിൽ വീടുകൾക്ക് ഭീഷണി നേരിട്ടതിനെ തുടർന്നാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവിടെ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വർക്കല, ഇടവ, വെൺകുളം ജി.എൽ.പി.എസിൽ എട്ടുകുടുംബങ്ങളിലെ 26 പേരാണുള്ളത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് മേഖലയിലുള്ളവരെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് കരുപ്പൂരിലെ അംഗൻവാടിയിലുള്ളത് രണ്ടു കുടുംബങ്ങളിലെ ഏഴു പേർ. കനത്തമഴയിൽ വീടിന് ഭാഗികമായ കേടുപാടുണ്ടാവുകയും തുടർന്ന് കഴിയാനാകാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ഇവരെ ക്യാമ്പിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.