നഗരസഭഭൂമി സ്വകാര്യ വ്യക്തി കൈയേറിയ സംഭവം റോഡ് പുനഃസ്ഥാപിപ്പിക്കാനും പിഴയീടാക്കാനും തീരുമാനം

ആറ്റിങ്ങല്‍: നഗരസഭഭൂമി സ്വകാര്യ വ്യക്തി കൈയേറിയ സംഭവത്തില്‍ റോഡ് പുനഃസ്ഥാപിപ്പിക്കാനും പിഴയീടാക്കാനും കൗണ്‍സില്‍ തീരുമാനം. എന്നാൽ, നിയമ നടപടി കൂടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലില്‍നിന്ന് ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ അംഗങ്ങള്‍ ഇറങ്ങിപ്പോയി. ശനിയാഴ്ച നടന്ന കൗണ്‍സിലില്‍ ഈ വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. നേരത്തേ കൗണ്‍സില്‍ നിയമിച്ച സബ് കമ്മിറ്റി റോഡ് പുനഃസ്ഥാപിപ്പിക്കാനും 50,000 രൂപ പിഴ ഈടാക്കാനും നിർദേശിച്ചിരുന്നു. ഇത് ചെയര്‍മാന്‍ എം. പ്രദീപ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. പിഴത്തുക നാമമാത്രമാണന്ന ആക്ഷേപം ഭൂരിഭാഗം പേരും ഉയര്‍ത്തി. ഇതു പരിഗണിച്ച് പിഴത്തുക ഇരട്ടിയായി വർധിപ്പിച്ചു. മൂന്ന് മാസത്തിനകം റോഡ് പൂര്‍വസ്ഥിതിയിലാക്കാനും ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നല്‍കും. ഇതുമാത്രം പോരെന്നും വ്യക്തിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പ്രതിപക്ഷ കക്ഷികളും ഭരണ പക്ഷത്തെ സി.പി.ഐയും ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ അംഗങ്ങള്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. നഗരസഭ ടൗണ്‍വാര്‍ഡില്‍ 16 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റോഡാണ് സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഈ റോഡി​െൻറ മൂന്ന് വശവുമുള്ള വസ്തു വാങ്ങിയവര്‍ ഈ റോഡ് ഇടിച്ച് അവരുടെ ഭൂമിക്ക് സമാനമാക്കിയിരുന്നു. 1,63,000 രൂപ ചെലവഴിച്ച് നഗരസഭ കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് ഇത്തരത്തില്‍ കൈയേറ്റത്തിനിരയായത്. സംഭവം വിവാദമായതോടെ വ്യക്തി ഈ വസ്തു പതിച്ച് നല്‍കണമെന്ന അപേക്ഷയുമായി നഗരസഭയെ സമീപിച്ചു. ആറു ലക്ഷം രൂപ വിലയും നല്‍കാമെന്ന് സമ്മതിച്ചു. കൗണ്‍സിലില്‍ ഇത് ഒച്ചപ്പാടുണ്ടാക്കുകയും സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ വിഷയം പരിശോധിക്കാന്‍ പ്രത്യേകം സബ്കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. എല്ലാ സ്ഥിരംസമിതി ചെയര്‍മാന്‍മാരും മുനിസിപ്പല്‍ ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ്, മുനിസിപ്പല്‍ എൻജിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെയാണ് ഇതിനായി രൂപവത്കരിച്ചത്. ഈ കമ്മിറ്റി അംഗങ്ങള്‍ സ്ഥലം പരിശോധിച്ചതിനു ശേഷം യോഗം ചേര്‍ന്നു. യോഗത്തില്‍ സി.പി.ഐ പ്രതിനിധി മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. മറ്റെല്ലാവരും വസ്തുകൈമാറുന്നതിന് അനുകൂലമായ നിലപാടാണ് ആദ്യം സ്വീകരിച്ചത്. സംഭവം കൂടുതല്‍ വിവാദമാവുകയും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ സബ്കമ്മിറ്റി കൂടി റോഡ് പൂര്‍വസ്ഥിതിയാലാക്കിക്കുവാനും പിഴ ഈടാക്കുവാനും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ ഭൂമിയില്‍ കൊടി നാട്ടി പ്രതീകാത്മകമായി പിടിച്ചെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭഭൂമികള്‍ നഷ്ടപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എട്ടിന് നഗരസഭക്ക് മുന്നില്‍ ഉപവാസവും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.