മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ വീണ്ടുമൊരു പുനഃസമാഗമം

മയ്യനാട്: വീണ്ടുമൊരു പുനഃസമാഗമത്തിനുകൂടി മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം വ്യാഴാഴ്ച വേദിയായി. ഒമ്പതുവർഷം മുമ്പ് കാണാതായ മകനെ അഭയകേന്ദ്രത്തിൽെവച്ച് കണ്ടുമുട്ടിയപ്പോൾ വൃദ്ധരായ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം സങ്കടവും അടക്കാനായില്ല. തങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മകനെ നേരിൽ കണ്ടപ്പോൾ ഇവർ മകനെ കെട്ടിപ്പുണർന്നു. തുടർന്ന് മനോനില തെറ്റി അലഞ്ഞ ഭൂതകാലത്തിന് വിടനൽകി ഛത്തീസ്ഗഢ് സ്വദേശിയായ പ്രേംലാൽ എന്ന 38കാരൻ മാതാപിതാക്കളൊടൊപ്പം സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി. 2014 നവംബർ 15നാണ് മനോനില തെറ്റിയനിലയിൽ ഡീസൻറ്മുക്കിനടുത്ത് പ്ലാമൂട്ടിൽ കാണപ്പെട്ട പ്രേംലാലിനെ കൊട്ടിയം പൊലീസ് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ചത്. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെ മേൽനോട്ടത്തിൽ കൊല്ലം ജില്ല ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നടത്തിയ ചികിത്സയും സമിതിയിലെ സ്നേഹപരിചരണങ്ങളും കൊണ്ട് മാനസികാരോഗ്യം വീണ്ടെടുത്ത പ്രേംലാൽ ത​െൻറ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരം നൽകി. ഇതിനെ തുടർന്ന് എസ്.എസ് സമിതിയിൽനിന്ന് മാത്യു വാഴക്കുളം എന്ന ജീവകാരുണ്യ പ്രവർത്തകൻ ഛത്തീസ്ഗഢിലെ ജങ്കിർ ചമ്പ ജില്ലയിലെ ദേവർമാൾ ഗ്രാമത്തിലുള്ള ഇദ്ദേഹത്തി​െൻറ വീട്ടിലെത്തി. ഇയാൾ എസ്.എസ് സമിതി അഭയ കേന്ദ്രത്തിലുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളെ അറിയിക്കുകയും വിഡിയോ കോൾ വഴി മകനുമായി സംസാരിക്കാൻ അവസരമുണ്ടാക്കുകയും ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒമ്പതുവർഷം മുമ്പാണ് ഇയാളെ കാണാതായത്. ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞയുടൻ പിതാവ് ഭൂത്റാമും മാതാവ് ഭുൽവാസത്തും ഇയാളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി മയ്യനാട്ടേക്ക് യാത്ര തിരിച്ചു. ഭാര്യ മരിച്ച പ്രേംലാലിന് രണ്ടു സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. പ്രേം ലാലി​െൻറ മടങ്ങിവരവും കാത്ത് ഇവർ നാട്ടിൽ കാത്തിരിക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. തനിക്ക് പുതുജീവൻ നൽകിയ എസ്.എസ് സമിതി ഭാരവാഹികളോടും അന്തേവാസികളോടും നന്ദി പറഞ്ഞാണ് പ്രേംലാൽ നാട്ടിലേക്ക് യാത്രയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.