നിക്ഷേപകരെ കബളിപ്പിച്ച്​ കോടികൾ തട്ടിയ സ്വകാര്യ ബാങ്കുടമയും ഭാര്യയും അറസ്​റ്റിൽ

പരവൂർ: കോടികളുടെ പണമിടപാട് നടത്തി നിക്ഷേപകരെ കബളിപ്പിച്ച സ്വകാര്യ ബാങ്കുടമയും ഭാര്യയും അറസ്റ്റിൽ. ഒഴുകുപാറയിൽ മഹാലക്ഷ്മി ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവന്ന ചന്ദ്രബാബുവും ഭാര്യ ശോഭനയുമാണ് അറസ്റ്റിലായത്. വീടിനടുത്താണ് ഇവർ ധനകാര്യ സ്ഥാപനം നടത്തിവന്നത്. വീട്ടുപടിക്കൽ വ്യാഴാഴ്ച രാത്രിയിൽ ഇടപാടുകാരുടെ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് പരവൂർ പൊലീസ് ബുധനാഴ്ച രാത്രി 11ഒാടെ ഇരുവരെയും അറസ്റ്റ് ചെയ്തു. 20 കോടിയിലേറെ രൂപയും സ്വർണവും പലരിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സ്വർണം വിറ്റ് പണം നിക്ഷേപിച്ചവരും ധാരാളമുണ്ടെത്ര. ഹ്രസ്വകാല ഇടപാടുകളായാണ് പലരിൽനിന്ന് പണവും സ്വർണവും വാങ്ങിയിട്ടുള്ളത്. ഒരാഴ്ചക്കുള്ളിലും ഒരു മാസത്തിനുള്ളിലും തിരികെക്കൊടുക്കാമെന്ന ഉറപ്പിന്മേലാണ് പലരിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നത്. ഇങ്ങനെ വാങ്ങിയ ഉരുപ്പടികൾ ഇതര ബാങ്കുകളിൽ പണയംെവച്ച് ലക്ഷങ്ങൾ സ്വന്തമാക്കി. എന്നാൽ, ഇങ്ങനെ വാങ്ങിയ ആഭരണങ്ങൾക്കൊന്നും ആർക്കും മതിയായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. 30 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരുണ്ടെന്നാണ് വിവരം. ഒഴുകുപാറയിൽത്തന്നെയാണ് ചന്ദ്രബാബുവി​െൻറ വീട്. ഏതാനും ദിവസങ്ങളായി വീടില്ലായിരുന്ന ഇയാളും കുടുംബവും വ്യാഴാഴ്ച രാത്രിയോടെ എത്തിയതറിഞ്ഞാണ് നൂറോളമാളുകൾ വീടിനു മുന്നിൽ തടിച്ചുകൂടിയത്. ചികിത്സാ സംബന്ധമായി ആശുപത്രിയിലായിരുന്നെന്നാണ് ചന്ദ്രബാബു നൽകുന്ന വിശദീകരണം. ഒരുമാസം മുമ്പാണ് തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. സ്ഥാപനം അടഞ്ഞുകിടക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചവരോട് മാനേജർക്ക് അസുഖമായതിനാലാണെന്നാണ് ചന്ദ്രബാബുവും ഭാര്യയും മറുപടി നൽകിയിരുന്നത്. ഒരുമാസം മുമ്പ് തന്നെ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി പരവൂർ സി.ഐ ഷരീഫ് പറഞ്ഞു. എന്നാൽ, പരാതി ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. സാവകാശം നൽകിയാൽ എല്ലാ ഇടപാടുകാർക്കും പണം തിരികെ നൽകാമെന്നാണ് ചന്ദ്രബാബു പറയുന്നതെന്നും സി.ഐ പറഞ്ഞു. 150ലേറെ ഇടപാടുകാരുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാൽ, രണ്ടായിരത്തോളം പേരിൽനിന്ന് ഇവർ പണവും സ്വർണാഭരണങ്ങളും വാങ്ങിയിട്ടുണ്ടെന്നാണ് ഇടപാടുകാർ പറയുന്നത്. അടുത്തുള്ള സ്ഥലങ്ങളിലുള്ളവരാണ് കൂടുതലും തട്ടിപ്പിനിരയായിട്ടുള്ളത്. പൂതക്കുളം, വർക്കല, പാരിപ്പള്ളി എന്നിവിടങ്ങളിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. കലക്ഷൻ ഏജൻറുമാരെ ഉപയോഗിച്ചാണ് കൂടുതലും പിരിവ് നടത്തിയിരുന്നത്. ശോഭന നേരിട്ടെത്തിയും പലരിൽനിന്ന് പണവും സ്വർണവും വാങ്ങിയിയിരുന്നു. മോഷ്ടാവ് അറസ്റ്റിൽ പാരിപ്പള്ളി: സ്ഥിരം മോഷ്ടാവ് പാരിപ്പള്ളിയിൽ അറസ്റ്റിലായി. കല്ലുവാതുക്കൽ കുളത്തൂർകോണം ചരുവിള വീട്ടിൽ രാധാകൃഷ്ണനാണ് (51) അറസ്റ്റിലായത്. മോഷണക്കേസിൽ ആറുമാസം ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ ഇയാൾ മനമ്പലത്തെ ഒരു വീട്ടിലെ കാറിൽനിന്ന് സ്റ്റീരിയോ മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.