പുനലൂർ: അതിർത്തി ചെക്പോസ്റ്റുകളോട് അനുബന്ധിച്ച് സർക്കാർ അനുവദിച്ച പാൽ പരിശോധന കേന്ദ്രം ആര്യങ്കാവിലേത് തെന്മലയിൽ ആരംഭിക്കും. അതിർത്തിയായ ആര്യങ്കാവിൽ കേന്ദ്രം തുടങ്ങാനുള്ള കെട്ടിടസൗകര്യം ലഭിക്കാത്തതിനെ തുടർന്നാണ് 10 കിലോമീറ്റർ അകലെ തെന്മലയിൽ സ്ഥാപിക്കാൻ തീരുമാനമായത്. ക്ഷീര വികസന വകുപ്പിെൻറ മേൽനോട്ടത്തിലാണ് സ്ഥിരം പരിശോധനകേന്ദ്രം തുടങ്ങുന്നത്. ആര്യങ്കാവിൽ കെട്ടിടം കിട്ടാതായതോടെ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജു ഇടപെട്ടതിനെ തുടർന്ന് വനംവകുപ്പിെൻറ തെന്മല ഡിപ്പോയിലുള്ള പഴയ കെട്ടിടത്തിലാണ് കേന്ദ്രം തുടങ്ങുന്നത്. ലേലത്തിന് എത്തിക്കുന്ന തടികൾ സൂക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച തകരഷീറ്റ് മേഞ്ഞ ഈ ഷെഡ് ഇപ്പോൾ വെറുതെ കിടക്കുകയാണ്. ഇതിെൻറ ഒരുഭാഗത്ത് പ്രത്യേക കാബിൻ നിർമിച്ച് പാൽ പരിശോധന കേന്ദ്രം പ്രവർത്തിക്കും. മേയ് 19ന് കേന്ദ്രത്തിെൻറ ഉദ്ഘാടനം നടക്കും. തമിഴ്നാട്ടിൽനിന്ന് ദിനേന 20 ടാങ്കറുകളിൽ പാലും തൈരും കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. കൂടാതെ കവറിലും ചെറിയ കാനുകളിലും പാലും തൈരും എത്തിക്കുന്നുണ്ട്. പരിശോധന സംവിധാനമില്ലാത്തതിനാൽ ഈ പാലിെൻറ ഗുണമേന്മയെക്കുറിച്ച് വ്യാപകമായ പരാതിയുണ്ട്. തിരുനെൽവേലി, മധുര ജില്ലകളിലെ ഫാമുകളിൽനിന്ന് ഡയറികളിൽനിന്നുമാണ് പാൽ എത്തിക്കുന്നത്. ഓണക്കാലത്ത് പാൽ പരിശോധിക്കാനുള്ള താൽക്കാലിക സംവിധാനം ഒരുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.