പത്താണ്ട് പിന്നിട്ടിട്ടും ലക്ഷ്യം കാണാതെ 'ഹരിത കുണ്ടറ' പദ്ധതി

കുണ്ടറ: ഭൗമദിനം വന്നുപോയത് അറിയാതെ 'ഹരിത കുണ്ടറ'. ഐക്യരാഷ്ട്ര സംഘടന ഈ വർഷം മുന്നോട്ടു െവച്ച ആഹ്വാനമായ 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്നതും കുണ്ടറക്കാർ അറിഞ്ഞമട്ടില്ല. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യത്തെ തുരത്താൻ കുണ്ടറയിലെ സി.പി.എം എം.എൽ.എമാർ പദ്ധതി ആവിഷ്കിരിച്ചിട്ട് പത്താണ്ട് കഴിയുന്നു. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് കുണ്ടറയുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ 'ഹരിത കുണ്ടറ' പദ്ധതിക്ക് തുടക്കംകുറിച്ചത്. സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രമുഖർ എത്തി റോഡ്ഷോ നടത്തിയായിരുന്നു ഉദ്ഘാടനം. പിന്നീടെത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഇതേ പദ്ധതി ഏറ്റെടുത്ത് ഉദ്ഘാടനവും നടത്തിയിരുന്നു. ബോധവത്കരണ ക്ലാസുകളും തുണിസഞ്ചി വിൽക്കുന്ന കടയും ഒക്കെ തുടങ്ങിയെങ്കിലുംമണ്ഡലത്തി​െൻറ സിരാകേന്ദ്രമായ മുക്കട ജങ്ഷൻ പോലും ഇത്രയും നാളത്തെ പ്രവർത്തനംകൊണ്ട് മാലിന്യമുക്തമാക്കാൻ ഹരിതകുണ്ടറ യജ്ഞത്തിന് കഴിഞ്ഞിട്ടില്ല. മുക്കട ജങ്ഷനിൽ എം.എൽ.എ ഓഫിസിന് മുന്നിലെ ഓഫിസ് സൂചക ബോർഡിന് ചുവട്ടിൽ സ്ഥിരമായി പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുകയാണ്. റെയിൽവേ പുറമ്പോക്കുകളിലും കീഴ്പാലങ്ങൾക്ക് സമീപവും തരിശുകിടക്കുന്ന പൊതുസ്ഥലങ്ങളിലും നിലങ്ങളിലും ജലാശയങ്ങളിലും വർധിച്ച പ്ലാസ്റ്റിക് നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. പ്ലാസ്റ്റിക്കി​െൻറ റീസൈക്ലിങ് പ്രഖ്യാപിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മാലിന്യം വീടുകളിൽനിന്ന് ശേഖരിച്ച് കോട്ടയെത്ത സ്വാകാര്യ ഫാക്ടറിയിലെത്തിച്ച് ചെടിച്ചട്ടിയുൾപ്പെടെ പ്ലാസ്റ്റിക് ഉൽപന്നങ്ങളാക്കുന്ന പദ്ധതിയും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഉദ്ഘാടനത്തോടെ അതും നിലച്ചു. പഞ്ചായത്ത് ശേഖരിക്കുമെന്ന് വിശ്വസിച്ച് വീട്ടുകാർ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വീട്ടുകാർക്കിപ്പോൾ ബാധ്യതയാണ്. ബോധവത്കരണം നടത്തുന്നവർപോലും അതു പാലിക്കാത്തതും പദ്ധതിക്കായി യോഗങ്ങൾ ചേരുന്നുണ്ടെങ്കിലും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാത്തതും പദ്ധതി പരാജയപ്പെടാൻ ഇടയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.