തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ നിയമവിരുദ്ധ വിദ്യാർഥി പ്രവേശനം ക്രമീകരിക്കാൻ സർക്കാർ രണ്ട് നിയമങ്ങളെ ബന്ദിയാക്കി. 2006ലെ കേരള പ്രഫഷനൽ വിദ്യാഭ്യാസ ആക്ട്, 2010ലെ കേരള ആരോഗ്യ സർവകലാശാല ആക്ട് എന്നിവ മറികടന്നാണ് നിയമവിരുദ്ധ പ്രവേശനത്തെ വെള്ളപൂശാൻ സർക്കാർ ഒാർഡിനൻസും പിന്നീട് നിയമസഭയിൽ ബില്ലും കൊണ്ടുവന്നത്. ഇൗ നിയമപ്രകാരം രണ്ട് കോളജുകളിലെയും വിദ്യാർഥി പ്രവേശനം ക്രമീകരിക്കാൻ സർക്കാറിന് സാധിക്കില്ല. ഇതിൽ കേരള പ്രഫഷനൽ വിദ്യാഭ്യാസ ആക്ട് പ്രകാരം ക്രമീകരണം സാധ്യമല്ലെന്ന് ഒാർഡിനൻസ് പ്രകാരം സർക്കാർ പരിശോധനക്കായി നിയോഗിച്ച പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒാർഡിനൻസിലും പിന്നീട് ബില്ലിലും രണ്ട് നിയമങ്ങളും സൗകര്യപൂർവം മറികടക്കാനുള്ള വ്യവസ്ഥകൾ സർക്കാർ കൂട്ടിച്ചേർത്തു. ക്രമീകരണ ബില്ലിലെ അഞ്ചാം വകുപ്പ് പ്രകാരം സർവകലാശാല ആക്ടിലോ അതിനു കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടിലോ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയാലും വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നൽകാനുള്ള നടപടി സർവകലാശാല സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിയമസഭ പാസാക്കിയ രണ്ടു നിയമങ്ങളെ താൽക്കാലികമായി ബന്ദിയാക്കിയാണ് സർക്കാർ ലക്ഷങ്ങൾ തലവരി പിരിച്ച് സ്വാശ്രയ മാനേജ്മെൻറുകൾ നടത്തിയ വിദ്യാർഥി പ്രവേശനത്തെ അംഗീകരിച്ചുനൽകാൻ തീരുമാനിച്ചത്. പ്രവേശന മേൽനോട്ട സമിതി സ്വീകരിച്ച നടപടികളെയും അത് ശരിവെച്ച കോടതി വിധികളെയും മറികടക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ രണ്ടാം വകുപ്പ്. രണ്ട് കോളജുകളിലെയും 180 വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നൽകരുതെന്ന് പ്രവേശന മേൽനോട്ട സമിതി 2016 നവംബറിൽ ആരോഗ്യസർവകലാശാലക്ക് ഉത്തരവിലൂടെ നിർദേശം നൽകുകയും ചെയ്തിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിലെ ആകെയുള്ള 150 സീറ്റിലെയും കരുണ മെഡിക്കൽ കോളജിലെ 100ൽ 30 സീറ്റിലെയും പ്രവേശനമാണ് മേൽനോട്ട സമിതിയായ ജയിംസ് കമ്മിറ്റി 2016 നവംബർ 14ലെ ഉത്തരവിലൂടെ റദ്ദാക്കിയിരുന്നത്. ഇതിൽ കരുണ മെഡിക്കൽ കോളജിലെ 100ൽ 70സീറ്റിലെ പ്രവേശനം ജയിംസ് കമ്മിറ്റി ശരിവെക്കുകയും ചെയ്തിരുന്നു. ഫലത്തിൽ രണ്ട് കോളജുകളിലെയും 180 സീറ്റുകളിലെ പ്രവേശനമാണ് സമിതി റദ്ദാക്കിയത്. ജയിംസ് കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇൗ 180 വിദ്യാർഥികൾക്കും ആരോഗ്യ സർവകലാശാല എം.ബി.ബി.എസ് കോഴ്സിന് രജിസ്ട്രേഷൻ അനുവദിച്ചില്ല. ഇവർക്ക് പരീക്ഷ എഴുതാനും കഴിഞ്ഞിരുന്നില്ല. ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദ് ചെയ്ത കുട്ടികളെ കോളജുകൾ തുടർന്നും പഠിപ്പിച്ചു. പ്രവേശനം റദ്ദ് ചെയ്ത ജയിംസ് കമ്മിറ്റിയുടെ നടപടി ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചതോടെ കണ്ണൂർ മെഡിക്കൽ കോളജിലെ 150ൽ 13 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച് കോളജ് വിട്ടു. ഇവിടെ അവശേഷിച്ചിരുന്നത് 137 വിദ്യാർഥികളാണ്. രണ്ട് കോളജുകളിലെയും പ്രവേശനം റദ്ദാക്കിയ കുട്ടികൾക്ക് തുടർന്നും പഠിക്കാൻ അവസരം ഒരുക്കുന്ന രീതിയിലാണ് സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്. സർക്കാർ നിർദേശ പ്രകാരം കണ്ണൂർ മെഡിക്കൽ കോളജിലെ 137 വിദ്യാർഥികളുടെയും കരുണ മെഡിക്കൽ കോളജിലെ 31ഉം തിരുവനന്തപുരം എസ്.യു.ടി കോളജിലെ ഒരു കുട്ടിയുടെയും പട്ടികയാണ് ആരോഗ്യ സർവകലാശാല സർക്കാറിന് കൈമാറിയത്. റിട്ട് പെറ്റീഷനിലൂടെ പ്രവേശനത്തിന് അവകാശവാദമുന്നയിച്ച ഒരു വിദ്യാർഥിയെ കൂടി ചേർത്തതോടെയാണ് കരുണ കോളജിലെ പട്ടിക 30ൽനിന്ന് 31 ആയി ഉയർന്നത്. വിദ്യാർഥികളുടെ മെറിറ്റ് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ആരോഗ്യ സെക്രട്ടറി ബി. ശ്രീനിവാസൻ 2016ൽ പ്രവേശനം നേടിയവരുടെ റാങ്ക് വെച്ച് നടത്തിയ വെർച്വൽ അലോട്ട്മെൻറ് പ്രകാരം കണ്ണൂർ കോളജിൽനിന്ന് 44 പേരും കരുണയിൽനിന്ന് 25 പേരും പ്രവേശനത്തിന് യോഗ്യരാണെന്ന് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് നൽകി. എന്നാൽ, സർക്കാർ ഇത് അംഗീകരിക്കുന്നതിന് പകരം ജയിംസ് കമ്മിറ്റി ഉത്തരവിലൂടെ പുറത്തായവരിൽ കോളജുകളിൽ പഠനം തുടരുന്നവർക്ക് സംരക്ഷണം നൽകാനാണ് ഒാർഡിനൻസ് കൊണ്ടുവന്നതും പിന്നീട് ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.