ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റിലെ തിരക്ക്
തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് പൊന്നിൻ തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തിന് ഇനി രണ്ട് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ, ആഘോഷങ്ങളുടെയും അവസാനവട്ട പർച്ചേസിംഗിന്റെയും തിരക്കിലാണ് നാടും നഗരവും. തിരുവോണത്തിന്റെ വരവറിയിച്ച് ചൊവ്വാഴ്ച ഉത്രാടമെത്തും. വരുംദിനങ്ങളിൽ വിപണികളിൽ ഇനി ‘ഉത്രാടപ്പാച്ചിലിന്റെ’ തിരക്കായിരിക്കും.
തുറന്ന വിപണികൾ, ഉണർന്ന വികാരം
തെരുവുവാണിഭക്കാർ മുതൽ വമ്പൻ മാളുകൾ വരെ ഒരേപോലെ ഓണത്തിരക്കിലേക്ക് അമർന്നു കഴിഞ്ഞു. പുത്തൻ വസ്ത്രങ്ങളും ഓണപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യക്കായുള്ള ചേരുവകളും വാങ്ങുന്നതിനായി ജനം ഒഴുകിയെത്തുകയാണ്. ജില്ലയിലെ കവലകളും പ്രധാന കേന്ദ്രങ്ങളും പൂക്കളങ്ങളാലും വർണ്ണവിളക്കുകളാലും അലങ്കരിച്ചു കഴിഞ്ഞു. വസ്ത്രവ്യാപാരശാലകളിലും ഗൃഹോപകരണ വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പൂക്കടൽ ഒഴുകി തോവാള
പൂക്കളമൊരുക്കാനാവശ്യമായ പൂക്കൾ തമിഴ്നാട്ടിലെ തോവാള ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ നിന്ന് ജില്ലയിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞദിവസങ്ങളിൽ മാത്രം 500 ടൺ പൂക്കളാണ് തോവാളയിൽ നിന്ന് വിറ്റഴിഞ്ഞത്. വാഴക്കുലകളും പച്ചക്കറികളുമായി അതിർത്തി കടന്ന് ലോറികൾ തുടർച്ചയായി എത്തുന്നുണ്ട്.
ആഘോഷലഹരിയിൽ ഓഫീസുകളും കലാലയങ്ങളും
സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കുടുംബക്കൂട്ടായ്മകളിലും കഴിഞ്ഞദിവസം ഓണാഘോഷങ്ങൾ പൊടിപൊടിച്ചു. സെറ്റും മുണ്ടും കേരളീയ വസ്ത്രങ്ങളുമണിഞ്ഞ മലയാളി ഓണപ്പൂക്കളമിട്ടും ഊഞ്ഞാലാടിയും ആഘോഷങ്ങൾ പൂർത്തിയാക്കി. സ്കൂളുകൾക്ക് 10 ദിവസത്തെ അവധിയായതോടെ ഓണം യാത്രകളുടെ കൂടി കാലമാകും. കുടുംബങ്ങൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സർക്കാർ അവധി ദിവസങ്ങളാണ്. തുടർന്നുള്ള ദിവസങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം യാത്രകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ജനങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്.
നെഞ്ചിടിപ്പേറ്റി കാറും കോളും
മഴ പെയ്യാതിരിക്കാനുള്ള പ്രാർത്ഥനയിലാണ് ഓണാഘോഷ സംഘാടകരും കച്ചവടക്കാരും. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പെയ്ത മഴ ആഘോഷങ്ങൾക്ക് അല്പം ആശങ്ക ഉയർത്തിയിട്ടുണ്ട്. ‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്ന പഴഞ്ചൊല്ലിന്റെ വിശ്വാസത്തിൽ മഴ മാറിനിൽക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആകാശം മേഘാവൃതമായി നിൽക്കുന്നത് ഓണവിപണിക്കും ആഘോഷപരി പാടികൾക്കും നേരിയ ഭീഷണി ഉയർത്തുന്നുണ്ട്.
വാരാഘോഷത്തിന് ഇന്ന് തുടക്കം
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച തിരിതെളിയും. ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്കായി നഗരത്തിലെ പ്രധാന വേദികളെല്ലാം സജ്ജമായി ക്കഴിഞ്ഞു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള രാജവീഥികളിലെ വൃക്ഷങ്ങളും മന്ദിരങ്ങളും ദീപാലങ്കാരങ്ങളാൽ വർണ്ണാഭമായി. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരം ദീപപ്രഭയിലായി. തിരുവനന്തപുരം നഗരത്തിന് പുറമെ നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ ഇടങ്ങളിലും ആഘോഷ പരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.