മുടപുരത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയിൽ

ആറ്റിങ്ങല്‍: മുടപുരത്ത് പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയിലായി. മുടപുരം കൊച്ചാലുംമൂട് വക്കത്തുവിള രാധാമന്ദിരത്തില്‍ ശ്രീജിത്തിനെയാണ് (29) കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാറി​െൻറ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നെയ്യാറ്റിന്‍കര, ഗുരുവായൂര്‍, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റൂറല്‍ എസ്.പി അശോക് കുമാറിന് രഹസ്യവിവരം ലഭിച്ചത്. ഒന്നാംപ്രതി കിഴുവിലം മുടപുരം ഈച്ചരന്‍ വിള മണലില്‍ വീട്ടില്‍ അനന്തു (23), ഇയാളെ ഒളിവിൽ പോകാന്‍ സഹായിച്ച മുടപുരം വക്കത്തുവിളവീട്ടില്‍ സുധീഷ് (24), മുടപുരം അഭയം വീട്ടില്‍ ഷിനോജ് (25), മുടപുരം എസ്.എന്‍ ജങ്ഷന്‍ ലാലി ഭവനില്‍ വിഷ്ണു (25), മുടപുരം ഈച്ചരന്‍വിള പാവവിള വീട്ടില്‍ പ്രദീപ് (34) എന്നിവരെ രണ്ടു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13ന് മുടപുരം ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുടപുരം സ്വദേശിയും പാചകക്കാരനുമായ സുധീറിനെയാണ് അനന്തുവും ശ്രീജിത്തും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന്, പൊലീസ് സ്വമേധയാ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറി​െൻറ നിര്‍ദേശാനുസരണം എ.എസ്.പി ആദിത്യ, സി.ഐ എം. അനില്‍കുമാര്‍, ചിറയിന്‍കീഴ് എസ്.ഐ എ.പി. ഷാജഹാന്‍, എസ്.ഐ പ്രസാദ് ചന്ദ്രന്‍, ഷാഡോ ടീം എസ്.ഐ. സിജു കെ.എല്‍. നായര്‍, എ.എസ്.ഐമാരായ ഫിറോസ് ഖാന്‍, ബിജു, ബി. ദിലീപ്, ബിജുകുമാര്‍, വി.വി. ജ്യോതിഷ്, ദിനോര്‍, ശരത്കുമാര്‍, സുല്‍ഫിക്കര്‍, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.