കലക്ടറുടെ ക്ഷണം സ്വീകരിച്ചു; അന്തിയുറങ്ങാൻ അവർക്കിനി പുതിയ പ്ലാറ്റ്​​േഫാം

കൊല്ലം: റെയിൽവേ പ്ലാറ്റ്ഫോമിലെ ദുരിത ജീവിതത്തിൽനിന്ന് അഭയകേന്ദ്രത്തി​െൻറ തണലിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ കലക്ടർക്കുമുന്നിൽ പേച്ചിയമ്മ കൈനീട്ടി. ഭക്ഷണവും പരിചരണവുമുള്ള നല്ലൊരു സ്ഥലത്തേക്കുപോകാം, എല്ലാം ശരിയാക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിപ്പോകാമെന്ന് വയോധിക പറഞ്ഞു. അത് സമ്മതിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെ അടുത്തതവണ വരുമ്പോൾ ഇവിടെയുണ്ടെങ്കിൽ എനിക്കൊപ്പം വരേണ്ടിവരുമെന്ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ ആ വയോധികയെ ഓർമിപ്പിച്ചു. പേച്ചിയമ്മക്കൊപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഭദ്രകാളി, ചുടല എന്നീ സ്ത്രീകളും നാട്ടിലേക്കുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ടു മക്കളുണ്ടായിട്ടും റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങേണ്ട ഗതികേടിലായ അംബിക ദേവിയമ്മയാണ് കലക്ടറുടെ ക്ഷണം ആദ്യം സ്വീകരിച്ചത്. കൊല്ലത്തുനിന്നുതന്നെയുള്ള ഇവർ പകൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയശേഷമാണ് രാത്രി ഇവിടെ എത്തിയിരുന്നത്. അഞ്ചാമത്തെ പ്ലാറ്റ്ഫോമിലെ ഇരുട്ടിൽ ഭാണ്ഡക്കെട്ടും ചേർത്തുപിടിച്ചിരുന്ന ആനന്ദ മഹാരാഷ്ട്രയിൽ തനിക്കൊരു വീടും കുടുംബാംഗങ്ങളുമുണ്ടെന്ന് ഓർത്തെടുത്തു. ആരോഗ്യം വീണ്ടെടുത്തശേഷം വീട്ടിലേക്ക് മടങ്ങാമെന്ന നിർദേശം അദ്ദേഹം സ്വീകരിച്ചു. റെയിൽവേ സ്റ്റേഷ​െൻറ പ്രധാന കവാടത്തിനു സമീപം കിടന്നുറങ്ങിയിരുന്ന ശിവ ആക്രി വിറ്റ് ഉപജീവനം നടത്തുകയാണെന്നും ഇടക്ക് തമിഴ്നാട്ടിലെ വീട്ടിലേക്ക് പോകാറുണ്ടെന്നും പറഞ്ഞു. ഭേദപ്പെട്ട ഒരു താമസസ്ഥലം ലഭിക്കുമെന്ന അറിവ് ഈ മധ്യവയസ്കനും ആശ്വാസമായി. ഏറെക്കാലമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കലക്ടർ ഡോ. എസ്. കാർത്തികേയൻ ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെ എത്തിയത്. മാനസിക രോഗികൾ ഉൾപ്പെടെ സ്റ്റേഷനിൽ കഴിയുന്നവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് കലക്ടറുടെ ഫേസ്ബുക് പേജിൽ പൊതുജനങ്ങൾ നൽകിയ നിർദേശം പരിഗണിച്ചായിരുന്നു നടപടി. നേരത്തേ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അംബികാദേവിയമ്മ, ആനന്ദ, ശിവ എന്നിവരെ ആംബുലൻസിൽ മയ്യനാട് എസ്.എസ് സമിതിയിലേക്ക് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, പി.ആർ.ഒ സാജു നല്ലേപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടിക്കൊണ്ടുപോയി. റെയിൽവേ കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗം ഷാഹിദ കമാൽ, സ്റ്റേഷൻ മാനേജർ പി.എസ്. അജയകുമാർ, എ.ഡി.സി ജനറൽ വി. സുദേശൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കർ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, കേരള റെയിൽവേ പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്.ഐ എ. നാസർകുട്ടി, റെയിൽവേ പൊലീസ് ഇൻറലിജൻസ് ഓഫിസർ എ. മനോജ് എന്നിവരും കലക്ടർക്കൊപ്പം സ്റ്റേഷനിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.