നോക്കുകൂലി;​ കെ.എസ്​.ഇ.ബിയുടെവേളി സബ്​സ്​റ്റേഷനിൽ കൊണ്ടുവന്ന ഉപകരണങ്ങൾ തടഞ്ഞിട്ടു

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വേളി സബ്സ്റ്റേഷനിൽ കൊണ്ടുവന്ന ഉപകരണങ്ങൾ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞിട്ടു. നോക്കുകൂലിയുടെ പേരിൽ വികസനപ്രവർത്തനങ്ങൾ തടയുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് സംയുക്ത തൊഴിലാളി യൂനിയനുകൾ ഉപകരണങ്ങളുമായെത്തിയ ലോറി തടഞ്ഞിട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് അങ്കമാലിയിൽനിന്ന് ലോറിയിൽ ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളും വേളിയിൽ കൊണ്ടുവന്നത്. 40 ടൺ ഭാരമുള്ള ഉപകരണങ്ങളാണിത്. ടണ്ണിന് 500 രൂപ വീതം നൽകണമെന്ന് തൊഴിലാളി യൂനിയനുകൾ ആവശ്യപ്പെട്ടു. ഒടുവിൽ ടണ്ണിന് 200 രൂപക്ക് സാധനങ്ങൾ ഇറക്കാൻ തൊഴിലാളികൾ സമ്മതിച്ചു. ഇതിൽ 8,000 രൂപയും കൂലിയായി നൽകി ആദ്യം ട്രാൻസ്ഫോർമർ ഇറക്കിവെച്ചതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പിന്നാലെവരുന്ന ലോറിയിൽ അനുബന്ധ ഉപകരണങ്ങൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അവ ഇറക്കണമെങ്കിൽ 25000 രൂപ കൂലിയായി തരണമെന്ന് യൂനിയനുകൾ ആവശ്യപ്പെട്ടു. അത്രയും തുക തരാനാവില്ലെന്ന് കരാർ കമ്പനി അറിയിച്ചതോടെ സാധനങ്ങൾ ഇറക്കാൻ അനുവദിക്കുകയില്ലെന്ന് യൂനിയനുകൾ നിലപാടെടുത്തു. ഇത് പ്രശ്നങ്ങൾക്ക് കാരണമായി. തുടർന്ന് തൊഴിലാളികൾ ലോറി തടഞ്ഞിട്ടുവെന്ന് അധികൃതർ പറഞ്ഞു. 66 കെ.വിയിൽനിന്ന് 110 കെ.വിയിലേക്ക് മാറ്റുന്നതിനാണ് പുതിയ ട്രാൻസ്ഫോർമറുകൾ എത്തിക്കുന്നതെന്ന് സബ്സ്റ്റേഷൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്. മനോജ് പറഞ്ഞു. ആദ്യഘട്ടത്തിൽ ഒന്നും പിന്നീട് രണ്ടും എത്തിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ചുമാത്രമേ ട്രാൻസ്ഫോർമറുകൾ ഇറക്കാനാവൂ. കരാർ കമ്പനിക്ക് അത്തരത്തിലുള്ള തൊഴിലാളികളുമുണ്ട്. തൊഴിലാളി യൂനിയനുകളെ ഉപേയാഗിച്ച് സാധനങ്ങളിറക്കാൻ ശ്രമിച്ചത് ബുദ്ധിമുട്ടിലാക്കിയെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. തൊഴിലാളി യൂനിയനുകൾ ചർച്ചക്ക് തയാറാകാത്ത സ്ഥിതിക്ക് തിങ്കളാഴ്ച കലക്ടർക്ക് പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.