ആദിവാസി ദിനാചരണ സമാപനം: ആദിവാസികളെ കുടിയിറക്കുന്ന ഉദ്യോഗസ്ഥരെ െവച്ചുപൊറുപ്പിക്കില്ല -മന്ത്രി എ.കെ. ബാലൻ 2000 ആദിവാസികൾക്ക് ഭൂമി വിലയ്ക്കുവാങ്ങി നൽകും *ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 600 സ്ക്വയർഫീറ്റുള്ള വീടുകൾ നിർമിച്ചുനൽകും വിതുര: ആദിവാസികളെ ആവാസകേന്ദ്രങ്ങളിൽനിന്ന് കുടിയിറക്കുന്ന ഉദ്യോഗസ്ഥരെ െവച്ചുപൊറുപ്പിക്കില്ലെന്ന് പട്ടികജാതി-വർഗ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ആദിവാസികളുടെ അവകാശ,- അവബോധ ദിനാചരണങ്ങളുടെ സംസ്ഥാനതല സമാപന ചടങ്ങുകൾ വിതുര പഞ്ചായത്തിലെ പൊടിയക്കാല ഊരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി വികസന ഫണ്ടുകൾ ലാപ്സാകാതെ വിനിയോഗിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഞാറനീലി ഊരിൽ ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരംകണ്ടു. റോഡ്, കുടിവെള്ളം, മൊബൈൽ റേഞ്ച് ലഭ്യമാക്കൽ എന്നീ മൂന്നു പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പൊടിയക്കാലയിൽ വേണ്ടത്. നിലവിലെ ടവറിെൻറ ദിശമാറ്റിയാൽ മൊബൈൽ ബന്ധം ലഭിക്കും. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പാലമൂട്ടിലുള്ള സ്വാഭാവിക നീരുറവയിൽ പൈപ്പിട്ട് പദ്ധതി നടപ്പാക്കും. 6000 പേർക്ക് കേന്ദ്ര വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ട്. രണ്ടായിരത്തോളം ആദിവാസികൾക്ക് ഭൂമി വിലയ്ക്കുവാങ്ങി നൽകും. സർക്കാറിെൻറ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 600 സ്ക്വയർ ഫീറ്റുള്ള വീടുകൾ ആദിവാസികൾക്ക് നിർമിച്ചുനൽകും. കുട്ടികൾക്ക് മികച്ച പഠനനിലവാരം ഉറപ്പാക്കും. 25 മുതൽ 100 ശതമാനം വരെ വിദ്യാഭ്യാസ ആനുകൂല്യം വർധിപ്പിച്ചു. ഗോത്രഭാഷയറിയാവുന്ന ആദിവാസി കുട്ടികൾക്ക് അധ്യാപന ജോലിനൽകി തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടു. 241പേർക്ക് ഈവിധം തൊഴിൽ നൽകാനായി. ഗോത്രഭാഷയിലെ പഠനം കുട്ടികളിലെ കൊഴിഞ്ഞുപോക്കില്ലാതാക്കി. മിൽമയുമായി സഹകരിച്ചും തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതി നടപ്പാക്കും. പാരമ്പര്യ കൃഷി ശക്തിപ്പെടുത്തുമെന്നും കൃഷിവകുപ്പുമായി ബന്ധപ്പെട്ട് ആദിവാസികളുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കുന്ന പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ചൊൽകഥകളിലൂടെയും മലമ്പാട്ടുകളിലും പ്രാവീണ്യമുള്ള അരുവിയാൾ, വൈദ്യൻ മാത്തൻ കാണി, മാതൃക ഊരുമൂപ്പൻ ശ്രീകുമാർ, ഊരിലെ മുതിർന്ന അംഗം പരപ്പി എന്നിവരെ ആദരിച്ചു. മികച്ച വിദ്യാർഥികളെ അനുമോദിച്ചു. പൊടിക്കാലയിൽ നിർമിച്ച കമ്യൂണിറ്റി ഹാൾ ഊര് നിവാസികൾക്ക് മന്ത്രി സമർപ്പിച്ചു. ആദിവാസികൾ അവകാശ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ കെ.എസ്. ശബരീനാഥന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടിക വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി സ്വാഗതം പറഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി, വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, വൈസ് പ്രസിഡൻറ് ബി. അനിൽകുമാർ, ജെ. വേലപ്പൻ, എസ്. വിജയകുമാരി, ബി. വിദ്യാധരൻ കാണി, സജീന കാസിം, ടി.ബി. ജാസ്മിൻ, ജി. അപ്പുക്കുട്ടൻ കാണി, എസ്. സുരേഷ് കുമാർ, മോഹനൻ ത്രിവേണി എന്നിവർ സംസാരിച്ചു. വൈ. ബിപിൻ ദാസ് നന്ദി പറഞ്ഞു. ചിത്രം ആദിവാസി ദിനം പൊടിയക്കാലയിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.