ലക്ഷ്മിപുരം ക്ഷേത്രം- അംബേദ്കർ കോളനി ചളിക്കെട്ടിലൂടെ നാട്ടുകാരുടെ ദുരിതയാത്ര

വർക്കല: ഇടവ ലക്ഷ്മീപുരം-അംബേദ്കർ കോളനി റോഡിലെ ചളിക്കെട്ടിലൂടെ നാട്ടുകാരുടെ ദുരിതയാത്ര. മലിനജലം ഒഴുകിപ്പോകുന്ന മേൽമൂടിയില്ലാത്ത ഓടയും ഇതേ റോഡിലാണ്. ഓടയും റോഡും തമ്മിൽ തിരിച്ചറിയാനാകാത്തവിധം വെള്ളക്കെട്ട് നിറയുമ്പോൾ അപകടങ്ങളും നിത്യസംഭവങ്ങളാകുന്നു. ക്ഷേത്രത്തിന് സമീപമുള്ള വഴി കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും ഒരുപോലെ അപകടക്കെണിയാകുന്നുണ്ട്. മഴ പെയ്താല്‍ കാൽനടയാത്രക്കാർ പോലും പതിവായി തെന്നിവീഴുന്ന അവസ്ഥയാണുള്ളത്. ഈ വഴിയോട്ചേര്‍ന്ന് ആഴത്തിലുള്ള ഓടയും നിർമിച്ചിട്ടുണ്ട്. ഈ ഓടക്ക് മേല്‍മൂടി ഇല്ലാത്തതും വലിയ ദുരിതമാണ്. ബൈക്ക് യാത്രികരും സ്കൂള്‍കുട്ടികളുമാണ് അപകടത്തില്‍പെടുന്നവരിലേറെയും. ആഴമുള്ള ഓടയായതിനാല്‍ ഗുരുതരമായ അപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടത്തിൽപെടുന്നവരുടെ കൈകാലുകൾ ഒടിഞ്ഞും തലക്ക് ക്ഷതമേറ്റും കിടപ്പാകുന്നവരുമുണ്ട്. രാത്രി ഇവിടെ വഴിവിളക്കുകളും കത്താറില്ല. നൂറോളം കുടുംബങ്ങളാണ് ഈ ഓടക്ക് ഇരുവശവും കുടിലുകളിൽ താമസിക്കുന്നത്. മഴ കനക്കുന്നതോടെ ലക്ഷ്മീപുരം പ്രദേശങ്ങളിലെയും വയലുകളിലെയും വെള്ളം ഈ ഓടയിലൂടെയാണ് ഒഴുകി തോട്ടുംമുഖംവഴി ഇടവ കായലില്‍ എത്തിച്ചേരുന്നത്. അംബേദ്കര്‍കോളനി, കമ്യൂണിറ്റി ഹാൾ, കരിപ്പുറം എന്നിവിടങ്ങളിലേക്കും പോകുന്നത് ഈ റോഡിലൂടെയാണ്. ഓടക്ക് മേല്‍മൂടി ഇട്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലന്നാണ് പ്രദേശവാസികളുടെ പരാതി. കൂലിപ്പണിക്കാരായ നിരവധി കുടുംബങ്ങളാണ് അംബേദ്കർ കോളനിയിൽ താമസിക്കുന്നത്. ഇവർക്ക് ആശ്രയിക്കാൻ മറ്റൊരു വഴിയുമില്ല. ജനകീയാസൂത്രണ പദ്ധതി പ്രകാരം ചെമ്മൺ പാതകളെല്ലാം കോൺക്രീറ്റും ടാറിങ്ങും നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടും അംബേദ്കർ കോളനിവാസികളോട് പഞ്ചായത്ത് അധികൃതർ ചിറ്റമ്മനയമാണ് തുടരുന്നത്. തങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്തതിനാലാണ് ഈ അവഗണനയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു നാട്ടുകാരുടെ തീരുമാനം. സംഭവമറിഞ്ഞ് അന്ന് സ്ഥലത്തെത്തിയ വി. ജോയി ജയിച്ചുവന്നാലുടൻ റോഡ് സഞ്ചാര യോഗ്യമാക്കുമെന്നും ഓടക്ക് മേൽമൂടിയിടുമെന്നും വാഗ്ദാനം ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നു. ജയിച്ചുപോയ അദ്ദേഹം പിന്നീട് പ്രദേശത്ത് വന്നിട്ടില്ലെന്നും തങ്ങളുടെ ദുരിതയാത്രക്ക് പരിഹാരമുണ്ടാക്കാൻ എം.എൽ.എ മുൻകൈയെടുക്കണമെന്നുമാണ് നാട്ടുകാരുടെയും കോളനിവാസികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.