മാലിന്യ നിക്ഷേപവും ദുർഗന്ധവും; വാട്ടർ അതോറിറ്റി ഓഫിസ് പ്രവർത്തനം താളം തെറ്റി

തിരുവനന്തപുരം: -മാലിന്യ നിക്ഷേപം വർധിച്ചതോടെ കുര്യാത്തി വാട്ടർ അതോറിറ്റി ഓഫിസ് പ്രവർത്തനം അവതാളത്തിലായി. ദുർഗന്ധം ശ്വസിച്ച് ജീവനക്കാരുൾപ്പെടെ തളർന്നുവീണു. ഓഫിസിനോട് ചേർന്നുള്ള റോഡിലെ മാലിന്യനിക്ഷേപമാണ് ജീവനക്കാർക്ക് ദുരിതമായത്. ദിവസങ്ങളായി തുടരുന്ന പ്രശ്നം കഴിഞ്ഞ രണ്ടുദിവസമായി അസഹനീയമായി. ഇറച്ചി അവശിഷ് ടങ്ങൾ ഉൾപ്പെടെ മാലിന്യം തള്ളുന്ന റോഡിൽ നിന്ന് ജലം ഓഫിസ് പരിസരത്തേക്ക് ഒഴുകിയെത്തുന്നു. പുഴുക്കൾ നിറഞ്ഞ് ദുർഗന്ധം രൂക്ഷമായതോടെ ഓഫിസിനകത്ത് ഇരിക്കാൻ സാധിക്കാതെ ജീവനക്കാർ ദുരിതത്തിലായി. ചന്ദനത്തിരി കത്തിച്ചും വാതിലുകളും ജനാലകളും അടച്ചിട്ടും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് ജീവനക്കാരും പണമടയ്ക്കാൻ എത്തിയവരിൽ ചിലരും തളർന്നു വീണത്. ഇതോടെ വ്യാഴാഴ്ച പ്രവർത്തനം പാടെ നിലച്ചു. ഓഫിസിന് സമീപം തുടങ്ങി അട്ടക്കുളങ്ങര ബൈപാസിേലക്ക് കടക്കുന്ന ഈ റോഡ് വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമാണ്. പൊട്ടിത്തകർന്ന റോഡുകൾ ജലം കെട്ടിനിന്ന് കൊതുകി​െൻറയും ക്ഷുദ്രജീവികളുടെയും താവളമായി. ദുർഗന്ധം കാരണം വാഹനങ്ങളിൽ പോലും ആരും ഇതുവഴി വരാതായി. ഇതോടെ മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഇവിടം മാറുകയായിരുന്നു. ഓഫിസ് പ്രവർത്തനത്തിന് മാലിന്യവും ദുർഗന്ധവും തടസ്സമായതോടെ അധികൃതർ മേയർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, കാര്യമായ നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.