കനത്തമഴ; കാട്ടാക്കട ടൗൺ വെള്ളത്തിൽ മുങ്ങി

കാട്ടാക്കട: വ്യാഴാഴ്ച പെയ്ത മഴയിൽ കാട്ടാക്കട ടൗൺ വെള്ളത്തിൽ മുങ്ങി. രാവിലെ 11ഓടെ പെയ്ത ഇടിയോടുകൂടിയ മഴയിലാണ് പട്ടണത്തിലെ റോഡുകളിൽ മൂന്നടിയോളം വെള്ളം ഉയർന്നത്. മാലിന്യം അടിഞ്ഞ് ഓടകൾ നിറഞ്ഞതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകിയത്. ജങ്ഷന് സമീപത്തെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പെട്രോള്‍ പമ്പ് ജങ്ഷനില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ പറ്റാത്ത തരത്തില്‍ വെള്ളം ഉയര്‍ന്നു. ഇതോടൊപ്പം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള ഗ്രീസും ഓയിലും മാലിന്യങ്ങളും കലർന്ന വെള്ളം റോഡിൽ എത്തിയതോടെ വാഹന യാത്രക്കാരും വഴിയാത്രക്കാരും ഏറെ ബുദ്ധിമുട്ടി. ഒരു മണിക്കൂറിന് ശേഷം മഴ തോർന്നെങ്കിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിൽ മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ചെത്തിയ മാലിന്യവും കല്ലുകളും റോഡിൽ അപകടങ്ങൾക്ക് ഇടയാക്കുംവിധം കിടക്കുകയാണ്. ടൗണിലെ പൊതുമരാമത്ത് ഓടകളെല്ലാം പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സർക്കാറി​െൻറ ശുചീകരണം നടന്നപ്പോഴും ഓടകൾ വൃത്തിയാക്കിയിരുന്നില്ല. തിരുവനന്തപുരം റോഡിൽ മൊളിയൂർ ഭാഗത്ത് മാൻഹോളിലൂടെ പുറത്തേക്ക് പോകുന്ന വെള്ളം ഇപ്പോൾ റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് യാത്രക്കാർക്ക് ദുരിതമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.