തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടി ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഡിസ്പെൻസറി (സി.ജി.എച്ച്.എസ്) കണ്ണൂരിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് വിശദീകരണംതേടി. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ന്യൂഡൽഹിയിലെ സി.ജി.എച്ച്.എസ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ എന്നിവർ മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. അമ്പലംമുക്ക് ജങ്ഷനിൽ ഇരുന്നൂറോളം വീടുകളിൽ ഒന്നരവർഷമായി പകൽസമയത്ത് കുടിവെള്ളം ലഭിക്കാത്ത വിഷയത്തിലും കമീഷൻ കേസെടുത്ത് നോട്ടീസയച്ചു. തിരുവോണ ദിവസംപോലും കുടിവെള്ളം മുടങ്ങിയിരുന്നു. കലക്ടർ, ജല അതോറിറ്റി എം.ഡി, നഗരസഭ സെക്രട്ടറി, കവടിയാർ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ ഒക്ടോബർ 17നകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഉദ്യോഗസ്ഥർക്ക് ഒാഫിസുകളിലും വിദ്യാർഥികൾക്ക് സ്കൂളുകളിലും പോകാനാവാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.