ആനപ്പാതയിൽ മാലിന്യം ഇടാൻ വരണ്ട; നാട്ടുകാർ പടമെടുക്കും

തിരുവനന്തപുരം:- ആനപ്പാത റോഡിൽ മാലിന്യം ഇടാൻ വരുന്നവർ ഇനി സൂക്ഷിക്കുക. അടുത്തദിവസം നിങ്ങളുടെ പടം നാട്ടുകാർ കാണും. ശ്രീവരാഹം ആനപ്പാത റോഡിന് സമീപത്തെ താമസക്കാരാണ് മാലിന്യശല്യം സഹിക്കാനാകാതെ കാമറ സ്ഥാപിച്ചത്. മാത്രമല്ല, കാമറയിൽ പതിയുന്നവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ അടുത്ത ദിവസം പ്രദർശിപ്പിക്കുകയും ചെയ്യും. ശ്രീവരാഹം ആനപ്പാത റോഡിൽ ഇറച്ചി മാലിന്യ തള്ളൽ കുറേനാളായി വ്യാപകമായിരുന്നു. ഇരുട്ടി​െൻറ മറവിൽ ഇറച്ചി മാലിന്യം ഉൾപ്പെടെ ചാക്കിലാക്കി തള്ളാൻ ചിലർ ഇടം കണ്ടെത്തിയിരിക്കുന്നത് ഈ റോഡിലാണ്. ആൾത്താമസം കുറവായ ഭാഗങ്ങളിൽ മാസങ്ങളായി തുടരുന്ന മാലിന്യനിക്ഷേപം പിന്നീട് നാട്ടുകാർക്ക് ദുരിതമായി. ദുർഗന്ധം പടർത്തി യാത്ര ദുഷ്കരമായതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. മാലിന്യം തടയാൻ ആദ്യം പോസ്റ്ററുകൾ പതിച്ചു. അത് ഫലം കാണാത്തതോടെയാണ് അവർ കാമറയെടുത്തത്. ഇതിൽ കുടുങ്ങിയ ചിലരുടെ വാഹനം ഉൾപ്പെടെ ഫോട്ടോയാക്കി പോസ്റ്റർ പതിച്ചു. ഇവരെ തിരിച്ചറിയുന്നവർ വിവരം അറിയിക്കാൻ നമ്പറും നൽകിയിട്ടുണ്ട്. എന്നാലും നാട്ടുകാരെ വെട്ടിച്ച് മാലിന്യം തള്ളൽ തുടരുകയാണ്. ചാക്കിലാക്കി തള്ളിയ മാലിന്യത്തിനിന്ന് രൂക്ഷമായ ദുർഗന്ധം പടർന്ന് കൊതുകും ഈച്ചയും നിറഞ്ഞതോടെ ജനങ്ങൾ പ്രതിഷേധത്തിലാണ്. സമീപത്തെ മറ്റൊരു റോഡിലും മാലിന്യം നിറയുകയാണ്. ബൈപാസിന് സമീപത്തായി തിരക്കേറിയ റോഡിലാണ് ഈ അവസ്ഥ. ഇടക്കിടെ മഴ പെയ്യുന്നതോടെ ദുരിതം ഇരട്ടിയാകുമെന്ന് സമീപവാസികളും പരാതിപ്പെടുന്നു. രാഷ്്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.