ഹജ്ജ് സബ്സിഡി നിർത്തലാക്കുന്നത് വിവേചനം -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നയം വിവേചനവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്ത് ഫെഡറേഷൻ. മറ്റ് മത വിഭാഗങ്ങൾക്ക് പല സൗജന്യങ്ങളും നിലവിലുള്ളപ്പോൾ അന്തർ ദേശീയ രംഗത്ത് ഇന്ത്യയുടെ യശസ്സുയർത്തുന്ന ഇന്ത്യൻ ഹാജിമാരെ അവഹേളിക്കുന്നതും അഞ്ച് പ്രാവശ്യം അപേക്ഷിച്ചവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേക പരിഗണന നൽകുന്നത് തടയുന്നതും സാമാന്യനീതിക്ക് വിരുദ്ധമാണ്. ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷയുള്ള കേരളത്തിന് അതിനാനുപാതികമായി ക്വോട്ട നിശ്ചയിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ നിവേദനം പോലും തള്ളിക്കളഞ്ഞത് തികഞ്ഞ നീതികേടാണ്. മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ല, മുസ്ലിം അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ക്വോട്ട നിശ്ചയിക്കേണ്ടത്. ഇന്ത്യൻ ഹാജിമാരുടെ താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാറിൽനിന്ന് അവഗണനയാണുണ്ടാകുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.